കൊച്ചി: കേരള കോണ്‍ഗ്രസ് ജോണി നെല്ലൂര്‍ വിഭാഗം കേരള കോണ്‍ഗ്രസ്-എം പി.ജെ. ജോസഫ് വിഭാഗത്തില്‍ ലയിക്കുന്ന സമ്മേളനം ഇന്നു കൊച്ചിയില്‍ നടക്കും.
ഇരു പാര്‍ട്ടികളുടെയും അയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം വൈകിട്ട് നാലിന് എറണാകുളം രാജേന്ദ്ര മൈതാനത്താണു നടക്കുക. ലയന സമ്മേളനം കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും.
കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍ അധ്യക്ഷത വഹിക്കും. വൈസ് ചെയര്മാന് ജോര്‍ജ് ജോസഫ് ലയന പ്രമേയം അവതരിപ്പിക്കും. ലയന സമ്മേളനത്തിനു മുന്നോടിയായി കേരള കോണ്‍ഗ്രസ് ജേക്കബ് പാര്‍ട്ടി പിരിച്ചു വിട്ടതായി ജോണി നെല്ലൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയും 10 ജില്ലാ കമ്മിറ്റിയും ലയന പ്രമേയം അംഗീകരിച്ചു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലയനമെന്നാണ് ജോണി നെല്ലൂര്‍ വ്യക്തമാക്കിയിട്ടുള്ളത്.
പാര്‍ട്ടിയുടെ 17 ഭാരവാഹികളില്‍ 10 പേരും ലയന തീരുമാനത്തെ അംഗീകരിക്കുന്നവരാണ്.
14 ജില്ലാ പ്രസിഡന്റുമാരില്‍ 10 പേരും തങ്ങള്‍ക്കൊപ്പമാണെന്നും ജോണി നെല്ലൂര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ട്ടി ചെയര്‍മാനായിരുന്ന ജോണി നെല്ലൂരിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് പാര്‍ട്ടി ലീഡര്‍കൂടിയായ അനൂപ് ജേക്കബ് എംഎല്‍എ വ്യക്തമാക്കിയത്.
ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജേക്കബ് ഗ്രൂപ്പ് എന്ന നിലയില്‍ യുഡിഎഫില്‍ തുടരാനാണു അനൂപ് ജേക്കബിന്റെ തീരുമാനം.
കേരള കോണ്‍ഗ്രസ്-എം പി.ജെ. ജോസഫ് വിഭാഗത്തില്‍ ലയിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനെ രണ്ടാക്കുകയായിരുന്നു.
ലയനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നേരത്തെ ജോണി നെല്ലൂരും അനൂപ് ജേക്കബ് എംഎല്‍എയും വെവ്വേറെ യോഗങ്ങള്‍ വിളിച്ചിരുന്നു.
ലയനം വേണ്ടെന്ന നിലപാടിലാണ് അനൂപ് ജേക്കബ്. ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരുടെയും പിന്തുണയുണ്ടെന്നാണ് ഇരുപക്ഷത്തിന്റെയും അവകാശവാദം. ലയനത്തിലൂടെ യുഡിഎഫിലെ ശക്തമായ കേരള കോണ്‍ഗ്രസ് വിഭാഗമായി മാറാനാണ് ജോസഫ് വിഭാഗത്തിന്റെ ലക്ഷ്യം.