കോട്ടയം: കേരള കോണ്ഗ്രസ് ജോസഫ് ഗ്രൂപ്പിൽ പാർട്ടി ഭാരവാഹികളുടെ പേരിൽ അഭിപ്രായ വ്യത്യാസം രൂക്ഷം. ഉടൻ സംസ്ഥാന നേതൃയോഗം വിളിച്ചു കൂട്ടാൻ ചെയർമാൻ പി.ജെ.ജോസഫ്.
നേതാക്കളായ ജോണി നെല്ലൂർ, കെ.ഫ്രാൻസീസ് ജോർജ്. തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള എന്നിവർ ഇന്നലെ തൊടുപുഴയിലെ പി.ജെ. ജോസഫിന്റെ വസതിയിലെത്തി ചർച്ച നടത്തി.
പാർട്ടിയിലെ ചില നേതാക്കൾ പാർട്ടിയിൽ അപ്രമാദിത്വം നടത്തുകയാണെന്നും ചെയർമാനെ ഹൈജാക്ക് ചെയ്ത് പല തീരുമാനങ്ങളുമെടുക്കുകയാണെന്നും നേതാക്കൾ പി.ജെ. ജോസഫിനെ അറിയിച്ചു.
യാതൊരു കണക്കും നിയന്ത്രണവുമില്ലാതെ പാർട്ടി ജനറൽ സെക്രട്ടറിമാരെ നിയമിക്കുന്നതിനെതിരെയും നേതാക്കൾ പരാതിപ്പെട്ടു. രണ്ടു കാര്യങ്ങൾക്കും ഉടൻ പരിഹാരമുണ്ടാകുമെന്നും ഉടൻ നേതൃയോഗം വിളിച്ചു കൂട്ടി പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നും പി.ജെ.ജോസഫ് നേതാക്കളെ അറിയിച്ചു.
പാർട്ടിയിൽ പിളർപ്പില്ലെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഏതു പാർട്ടിയിലുമുണ്ടാകുമെന്നും ഇക്കാര്യങ്ങൾ ചെയർമാനുമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും ജോണി നെല്ലൂർ രാഷ്ട്ര ദീപികയോടു പറഞ്ഞു.
പാർട്ടിയിലെ നിലവിലത്തെ സംഘടനാ പരമായ നടപടികൾ താഴെതട്ടിലുള്ള അണികൾക്ക് അമർഷമുണ്ട്. ഇക്കാര്യങ്ങൾ ചെയർമാനുമായി സംസാരിക്കുക മാത്രമാണുണ്ടായതെന്നും കോവിഡ് കാലമായതിനാൽ യോഗങ്ങൾ നടക്കാറില്ല.
അതിനാലാണ് ചെയർമാനെ വീട്ടിൽ പോയി കണ്ടെതെന്നും പാർട്ടിയിൽ ഒരു പ്രശ്നങ്ങളുമില്ലെന്നും കെ.ഫ്രാൻസീസ് ജോർജും രാഷ്ട്ര ദീപികയോടു പറഞ്ഞു.