കൊച്ചി: കേരളാ കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുളള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്ന് കൊച്ചിയില്‍ നടക്കും. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന പേരിലാകും പുതിയ പാര്‍ട്ടി.
മുന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് വി.വി. അഗസ്റ്റിന് ചെയര്‍മാനും ജോണി നെല്ലൂര്‍ വര്‍ക്കിംഗ് ചെയര്‍മാനുമാകും. കേരള കോണ്‍ഗ്രസ് വിട്ട മുന്‍ എംഎല്‍എ മാത്യു സ്റ്റീഫന്‍ വൈസ് ചെയര്‍മാനും ആകും.
പാര്‍ട്ടി രൂപീകരണത്തിന് പിന്നാലെ തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ നേരില്‍ക്കാണാനും ജോണി നെല്ലൂരിന്റെ നതൃത്വത്തില്‍ ശ്രമം നടക്കുന്നതായാണ് വിവരം.
ബിജെപി പിന്തുണയോടെ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ നീക്കം.
ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലര്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചന നടക്കുന്നുവെന്നും പ്രധാനമന്ത്രി കേരളത്തിലെത്തുന്നതിന് മുമ്പ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജോണി നെല്ലൂര്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
19നാണ് കേരള കോണ്‍ഗ്രസില്‍നിന്നും യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്നും ജോണി നെല്ലൂര്‍ രാജിവച്ചത്. പാര്‍ട്ടി രൂപീകരണ പരിപാടിയില്‍ ബിജെപി നേതാക്കളും പങ്കെടുക്കുമെന്നാണ് സൂചന.
ജോണി നെല്ലൂരിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയര്‍മാനായിരുന്ന മാത്യു സ്റ്റീഫന്‍ പാര്‍ട്ടി വിട്ടത്. മുന്‍ ഉടുമ്പുഞ്ചോല എംഎല്‍എ കൂടിയായിരുന്നു മാത്യു സ്റ്റീഫന്‍.