ഗാന്ധിനഗർ: പ്രേതബാധ ഒഴിപ്പിക്കാമെന്നു പറഞ്ഞ് റിട്ടയേർഡ് ഹെഡ്മിസ്ട്രസിന്റെ സ്വർണമാല തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ.
കട്ടപ്പന ചെന്പകപ്പാറ മുണ്ടത്താനത്ത് ജോയ്സി (29) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തത്. ഗാന്ധിനഗർ സ്വദേശിയായ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് നൽകിയ പരാതിയിലാണ് പോലീസ് നടപടി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: റിട്ടയേർഡ് ഹെഡ്മിസ്ട്രസ് നിരന്തരമായി പ്രേതസ്വപ്നങ്ങൾ കാണുന്നതു പതിവായിരുന്നു.
ഇത് ഒഴിവാക്കുന്നതിന് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെക്കൊണ്ട് പൂജ നടത്താൻ തീരുമാനിച്ചു.
പ്രേതബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ഇയാൾ കുപ്പികളും കുടവും മറ്റ് പൂജാദ്രവ്യങ്ങളുമായി റിട്ടയേർഡ് ഹെഡ്മിസ്ട്രസിന്റെ വീട്ടിലെത്തി.
പൂജ നടക്കുന്നതിനിടെ ശക്തമായ പ്രേതബാധയാണെന്നും അതിനാൽ സ്വർണംകൂടി നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു.
ഇയാൾ പറഞ്ഞതനുസരിച്ച് നാലു പവൻ സ്വർണമാല ഇവർ കുടത്തിലിട്ടു. ഇതോടെ കണ്ണടച്ച് പ്രാർഥിക്കുവാനും താൻ പറയാതെ കണ്ണു തുറക്കരുതെന്നും പറഞ്ഞു.
റിട്ടയേർഡ് ഹെഡ്മിസ്ട്രസ് കണ്ണടച്ചതോടെ ഇയാൾ മാല കൈവശപ്പെടുത്തിയശേഷം കുടം അച്ചുകെട്ടി ഇവർക്കു നൽകുകയുമായിരുന്നു.
തുടർന്ന് മാലയിട്ട കുടം അഞ്ചു ദിവസത്തിനുശേഷമേ തുറക്കാവൂ എന്നു പറഞ്ഞു ഫീസ് വാങ്ങി മടങ്ങുകയും ചെയ്തു.
അഞ്ചാം ദിവസം കുടം തുറന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസിലായത്. തുടർന്നു കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിനെ വിവരമറിയിക്കുകയും ഗാന്ധിനഗർ പോലീസിൽ പരാതി നൽകുകയും ചെയ്തു.
തുടർന്ന് ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കട്ടപ്പന പോലീസിന്റെ സഹായത്തോടെ ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി, എസ്ഐ ഉദയകുമാർ എന്നിവർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷനിലെത്തിച്ച ഇയാളെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.