കോട്ടയം: പ്രേതബാധ ഒഴിപ്പിക്കാമെന്നു പറഞ്ഞു അധ്യാപികയുടെ മൂന്നു പവന്റെ മാല തട്ടിയെടുത്തയാൾക്കെതിരെ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
കട്ടപ്പന സ്വദേശി ജോയ്സ് ജോസഫാണ് അറസ്്റ്റിലായത്. ഇയാൾക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജോലി വാഗ്ദാനം ചെയ്തു മൂന്നു ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ഇതിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. അധ്യാപികയുടെ പക്കൽ നിന്നും തട്ടിയെടുത്ത മാല കോട്ടയത്തെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
1.4 ലക്ഷം രൂപയ്ക്കാണ് മാല വിറ്റത്. തട്ടിപ്പിലുടെ ലഭിച്ചിരുന്ന പണം ഇയാൾ ആഡംബര ജീവിതത്തിനായിരുന്നു ഉപയോഗിച്ചിരുന്നത്.
ഇയാളുടെ ഫോണിലെ വാട്്സ് ആപ്പ് പരിശോധിച്ച പോലീസിനു ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
ബാധ ഒഴിപ്പിക്കൽ, കൂടോത്രം, ദുർമന്ത്രവാദം തുടങ്ങിയ വിവിധ ആവശ്യങ്ങൾ പറഞ്ഞ ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിട്ടുള്ളതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ചു പോലീസ് അന്വേഷണം നടത്തിവരുന്നതേയുള്ളു. ജോയ്സ് അഡ്മിനായുള്ള പ്രേതാലയം എന്ന ഗ്രൂപ്പിലുടെയായിരുന്നു ഇയാൾ ഇടപാടുകാരെ കണ്ടെത്തിയിരുന്നതും ബാധ ഒഴിപ്പിക്കൽ, കൂടോത്രം, ദുർമന്ത്രവാദം എന്നി പ്രവർത്തനങ്ങൾക്ക് പണം വാങ്ങിയിരുന്നതും.
വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ ദുർമന്ത്രവാദം, പരിഹാരക്രിയകൾ എന്നിവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ചിരുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പിന് പുറമേ ഫേസ്ബുക്ക് വഴിയും ഇയാൾ തട്ടിപ്പ് നടത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സൈക്കോളജിയിൽ റിസർച്ച് ഫെലോ ആണെന്ന് പറഞ്ഞാണ് ഇയാൾ സ്ത്രീകളെയെല്ലാം പരിചയപ്പെട്ടത്.
ഡേവിഡ് ജോണ് എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ആണ് ഇയാൾ ഇരകളെ വലയിലാക്കിയത്.
ദുർമന്ത്രവാദം, ആഭിചാരക്രിയ തുടങ്ങിയ വിഷയങ്ങളിലേക്ക് ആളുകളെ ആകർഷിക്കാൻ ഇയാൾ ഫേസ്ബുക്ക് പേജ് ഉപയോഗിച്ചിരുന്നു.
വാട്സ് ആപ്പിലേതു പോലെ സമാനമായ രീതിയിലുള്ള ചിത്രങ്ങളും ഇയാൾ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. പ്രേതാനുഭവങ്ങൾ എന്ന മറ്റൊരു പേജിലൂടെയും ഇയാൾ ദുർമന്ത്രവാദ കഥകൾ എഴുതിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.