മുളന്തുരുത്തി: ലഹരിമരുന്ന് കേസുകളിലെ സ്ഥിരം പ്രതിയായ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവത്തിൽ മൂന്നു പേർ പിടിയിൽ.മുളന്തുരുത്തി പെരുമ്പിള്ളിയിൽ ഈച്ചിരവേലിൽ മത്തായിയുടെ മകൻ ജോജി മത്തായി ( 24 ) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് നാലരയോടെ രണ്ടു ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ജോജിയുമായി സംഘം വാക്കുതർക്കത്തിൽ ഏർപ്പെടുകയും മുറ്റത്തു വച്ചുതന്നെ ആക്രമിക്കുകയുമായിരുന്നു. ജോജിയുടെ കഴുത്തിനും നെഞ്ചിനുമാണ് വെട്ടേറ്റത്.
ഇത് തടയാൻ എത്തിയപ്പോഴാണ് പിതാവ് മത്തായിക്കും വെട്ടേറ്റു. കൃത്യത്തിന് ശേഷം ഒരു ബൈക്കും ആയുധങ്ങളും ഉപേക്ഷിച്ചാണ് പ്രതികൾ ഓടി മറഞ്ഞത്.ആശുപത്രിയിലേക്കുള്ള വഴി കൃത്യം ചെയ്തവരെപ്പറ്റി ജോജി സൂചന നൽകിയിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് നടക്കാവ് സ്വദേശി അതുൽ (25) ഉദയംപേരൂർ സ്വദേശി ശരത് (27), വടക്കൻ പറവൂർ സ്വദേശി മിഥുൻ (25) എന്നിവർ പിടിയിലായിരിക്കുന്നത്. രക്ഷപ്പെട്ട സംഘത്തെ പുത്തൻകുരിശ് വടവുകോടിനു സമീപത്തുനിന്നാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് സംഘങ്ങളുടെ കുടിപ്പകയാണ് ജോജിയുടെ മരണത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പെരുമ്പിള്ളി പഴയ പാണാർപാലം, പാടത്തുകാവ് ക്ഷേത്ര പരിസരം, മറ്റത്താൻ കടവ് റോഡ് എന്നിവിടങ്ങൾ രാത്രി ഇരുട്ടുന്നതോടെ കഞ്ചാവ് സംഘങ്ങളുടെ വിളയാട്ടമാണ്.
ലഹരി ഉപയോഗിക്കുന്നവർ തമ്മിലുള്ള സംഘട്ടനങ്ങളും പതിവാണ്. മരണപ്പെട്ട ജോജിയെ മുളന്തുരുത്തിയിൽ കഞ്ചാവ് കൈമാറിയതിനും വധശ്രമത്തിനും പോലീസ് പിടികൂടിയിട്ടുള്ളതാണ്.
ചെറിയ അളവിൽ മാത്രം കഞ്ചാവ് കൈവശം വയ്ക്കുന്നതിനാൽ ജാമ്യത്തിലിറങ്ങുകയായിരുന്നു പതിവ്. പോലീസിന്റെ രാത്രി കാല പട്രോളിംഗും പരിശോധനയും ശക്തമാക്കണമെന്നാണ് പരിസരവാസികൾ ആവശ്യപ്പെടുന്നത്.