കോഴഞ്ചേരി: റോഡരികിലെ പാഴ്വസ്തുക്കളും ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ശേഖരിച്ച് ജോജി തോമസ് കരുതൽ നൽകുന്നത് ഓസ്ട്രേലിയയിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക്.
ഇത്തരത്തിൽ ശേഖരിക്കുന്ന പാഴ് വസ്തുക്കൾ സംസ്കരണ ശാലയിൽ നൽകി അതിൽ നിന്ന് ലഭിക്കുന്ന വരുമാനംകൊണ്ട് ഓസ്ട്രേലിയായിലെ നിരാലംബരായ ആളുകൾക്ക് ഭക്ഷണം വാങ്ങി നൽകുന്നതിൽ ആത്മസംതൃപ്തി നേടുകയാണ് ജോജി.
കോഴഞ്ചേരി കീഴുകര കോയിക്കലേത്ത് അനിയന്റെ മകനാണ് ജോജി തോമസ് (34). അഞ്ചുവർഷം മുന്പാണ് സൗത്ത് ഓസ്ട്രേലിയ അഡലൈഡിയിലെ റെയിൽവേയിൽ ജോജിക്കു ജോലി ലഭിച്ചത്. ഏഴ്ദിവസം ജോലി, ഏഴു ദിവസം അവധി എന്നതായിരുന്നു രീതി.
ഒരിക്കൽ ഭാര്യയ്ക്കു മക്കൾക്കുമൊപ്പം സായാഹ്ന സവാരിക്കിറങ്ങിയപ്പോൾ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന ബോക്സിൽ നിന്നും കൈയിട്ടു വാരി ഭക്ഷിക്കുന്ന മനുഷ്യരെ കണ്ടു.
ഇത്തരം കാഴ്ചകൾ ഓസ്ട്രേലിയയുടെ തെരുവോരങ്ങളിൽ പതിവായി കണ്ടതോടെ അവരെ സഹായിക്കാൻ ജോജി തീരുമാനിച്ചു.
തുടർന്നാണ് ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളും ശേഖരിച്ച് സംസ്കരണ ശാലയിലെത്തിച്ച് അതിൽ നിന്നും കിട്ടുന്ന പണം ഭക്ഷണത്തിനു ബുദ്ധിമുട്ടുള്ളവർക്ക് നൽകാൻ തീരുമാനിച്ചത്.
2019 മുതൽ പാഴ് വസ്തുക്കൾ ശേഖരിച്ച് സംസ്കരണ ശാലയ്ക്ക് നൽകാൻ തുടങ്ങിയത്. ഒരു കുപ്പിക്ക് 10 സെന്റ് (ഏകദേശം ഇന്ത്യൻ നിരക്ക് പ്രകാരം 5 രൂപ) റീസൈക്ലിംഗ് സെന്ററിൽ നിന്നും ആദ്യം ലഭിച്ച തുകയിൽ 50000 രൂപ ബംഗാളിലെ ഏഗ്രായിൽ ഭക്ഷണ വിതരണത്തിനായി നൽകി.
ബാക്കി തുക ഓസ്ട്രേലിയായിലെ സന്നദ്ധപ്രവർത്തകരായ സാൽവേഷൻ ആർമി പ്രവർത്തകർക്ക് നൽകി. മുംബൈയിലെ ചേരിൽ താമസിക്കുന്ന 50 കുട്ടികളെ ദത്തെടുത്ത് അവരുടെ വിദ്യാഭ്യാസ ചെലവും നടത്തുന്നുണ്ട്.
തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മസ്റ്റാർഡ് സീഡ് ഫാമിലി ചാരിറ്റബിൾ പ്രോജക്ട് രജിസ്റ്റർ ചെയ്യുകയും അതിന്റെ സിഇഒയുമായി പ്രവർത്തിക്കുകയാണിപ്പോൾ.
കോവിഡ് കാലത്ത് കേരളത്തിലെ കോട്ടയം , കുറിച്ചി പനച്ചിക്കാട്, കാഞ്ഞിരപ്പള്ളി, എടപ്പാൾ, കിടങ്ങന്നൂർ, ഇടനാട്, മാരാമണ്, കീഴുകര തുടങ്ങിയ 12 സ്ഥലങ്ങളിൽ 1000 രൂപ വിലവരുന്ന 300 ഓളം ഭക്ഷ്യക്കിറ്റുകൾ നൽകി. റിസോർട്ട് കേരള എന്നാണ് ഈ പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്.
അടുത്ത ഘട്ടത്തിൽ മരുന്നുകളും മറ്റും വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ്. നാട്ടിലെ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പിതാവ് അനിയനാണെന്നും ജോജി പറഞ്ഞു.