പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ചെങ്ങന്നൂർ വെൺമണി സ്വദേശിയായ ജിജോ പി. ജയിംസിന് (26) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ സ്പെഷൽ കോടതി 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് 16 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.
അമ്മൂമ്മയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുട്ടിയെ കുടുംബ വീട്ടിൽ നിന്നും 2016 ഒക്ടോബറിൽ പ്രതി തട്ടിക്കൊണ്ടു പോവുകയായി രുന്നു.
തുടർന്ന് പെൺകുട്ടിയെ പ്രതിയുടെ വല്യച്ഛന്റെ ചെങ്ങന്നൂർ വെൺമണിയിലുള്ള വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ച് പീഡിപ്പിച്ചതായി പന്തളം പോലീസ് ചാർജ് ചെയ്ത കേസിൽ പറയുന്നു.
പെൺകുട്ടിയെ കാണാതായവിവരം രക്ഷാകർത്താവായ അമ്മൂമ്മ പെൺകുട്ടിയുടെ അമ്മയെ വിളിച്ചറിയിക്കുകയും പെൺകുട്ടിയുടെ മാതാവിന്റെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
സംഭവം പുറംലോകം അറിഞ്ഞതോടെ പ്രതിയുടെ ബന്ധുക്കളും പൊതുപ്രവർത്തകരും ചേർന്ന് പെൺകുട്ടിയെ പന്തളം പോലീസിൽ ഏല്പിച്ചു. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
18 സാക്ഷികൾ ഉണ്ടായിരുന്ന കേസിന്റെ വിചാരണ പൂർത്തിയാക്കിയ കോടതി 10 വർഷത്തെ കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചു.
കൂടാതെ വിവിധ വകുപ്പുകളിൽ 10 വർഷം തടവും 50000 രൂപ പിഴയും കൂടി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്.
പ്രിൻസിപ്പൽ പോക്സോ ജഡ്ജ് ജയകുമാർ ജോണാണ് വിധി പ്രസ്താവിച്ചത്. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായിരുന്നു.
പ്രിൻസിപ്പൽ പോക്സോ സ്പെഷൽ പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് ഹാജരായി. പന്തളം പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ. സുരേഷാണ് അന്വേഷണം നടത്തിയത്.