ചിങ്ങവനം: ജോജോയുടെ ഫോണ് കൃത്യമായി എന്നും രാവിലെ ബെല്ലടിക്കും. ഫോണ് എടുത്താൽ മറുതലയ്ക്കൽ നിന്നും പ്രതീക്ഷിച്ച ചോദ്യം തന്നെ. ഇന്നു മീൻ തരുമോ. വലിയ വാളയും, ചേറുമീനും, വാകയുമൊക്കെ പതിവായി കിട്ടണമെങ്കിൽ ജോജോയുടെ നന്പരിൽ വിളിച്ചാൽ മതിയെന്ന് ആവശ്യക്കാർക്കറിയാം. ചോഴിയക്കാട് വലിയപറന്പിൽ ജോജോ ചെറിയാൻ എന്ന 34 കാരന് മീൻ പിടിത്തം എന്നുമൊരു ഹരവും ഒപ്പം വരുമാന മാർഗവുമാണ്.
പരുത്തുംപാറയിൽ ഓട്ടോറിക്ഷാ ഡ്രൈവർ കൂടിയാണ് ജോജോ. ഇതിനിടയിൽ സമയം കണ്ടെത്തിയാണ് മീൻ പിടിത്തവും. കൊടൂരാറ്റിലും, മീനച്ചിലാറ്റിലേക്കും ഓട്ടോയിൽ തന്നെയാണ് ചൂണ്ടയുമായി പോകുന്നത്. 10കിലോയിലധികം തൂക്കമുള്ള രണ്ടോ മൂന്നോ ജീവനുള്ള മീനുമായാണ് തിരിച്ചു വരവ്. ഇവയെ വരുന്ന വഴിയിൽ തന്നെ രാവിലെ വിളിച്ച നന്പറിന്റെ ഉടമയ്ക്ക് ന്യായ വിലയ്ക്ക് കൊടുക്കുകയും ചെയ്യും.
മീൻ കച്ചവടക്കാരിൽ നിന്നും പഴകിയതും, രാസ വസ്തുക്കൾ ചേർത്തു കിട്ടുന്ന മീനിനേക്കാൾ ജീവനുള്ള ആറ്റുമീനിനോടാണ് ആളുകൾക്ക് കൂടുതൽ താൽപര്യമെന്ന് ജോജോ പറയുന്നു. ഓണ്ലൈനിൽ വാങ്ങിയ വിദേശ ചൂണ്ടയിൽ റബർ തവളകളെ കോർത്താണ് മീൻ പിടിത്തം. വെള്ളത്തിന് മുകളിൽ കൂടി ചാടിച്ചാടി നടക്കുന്ന റബർ തവളകളെ കണ്ട് അകലെ നിന്നു പോലും മീൻ ഓടിയെത്തും.
ചൂണ്ടയിൽ കുരുങ്ങുന്ന ചെറിയ മീനുകളെ ഉടൻ തന്നെ വെള്ളത്തിലേക്ക് തിരിച്ചു വിടും. ആറ്റിലെ തെളിഞ്ഞ പ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുന്ന പായൽ കൂട്ടങ്ങൾക്ക് അടിയിൽ തന്പടിക്കുന്ന വലിയ മീനുകളാണ് ഏറെയും ചൂണ്ടയിൽ കുരുങ്ങുന്നത്. പ്രളയ കാലത്ത് ഡാമിൽ നിന്നും പുറത്തു വന്ന മീനുകളും, നാട്ടിലെ വളർത്തു മീനുകളും ധാരാളം ലഭിച്ചിരുന്നു.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിഷിംഗ് ബോൾട്ട് ക്ലബിലെ അംഗം കൂടിയാണ് ജോജോ. കൊച്ചിൻ കാർണിവലിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തിൽ ഫോർട്ട് കൊച്ചിയിൽ കഴിഞ്ഞ വർഷം നടന്ന ചൂണ്ടയിടീൽ സൗഹൃദ മത്സരത്തിലും ജോജോ പങ്കെടുത്തിരുന്നു.