കൊച്ചി: ഇന്ധനവില വര്‍ധനയ്ക്കെതിരേ തിങ്കളാഴ്ച വൈറ്റില ബൈപാസില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധസമരത്തിനെതിരേ പ്രതികരിച്ച നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഒത്തുതീര്‍പ്പിനു സാധ്യത.
ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൈയെടുത്തു നടത്തുന്ന സമവായ ചര്‍ച്ചയില്‍ കേസ് പിന്‍വലിക്കാന്‍ ജോജു സമ്മതം അറിയിച്ചതായും സൂചനയുണ്ട്.
ജോജുവിന്റെ വാഹനം തകര്‍ത്തതിന് അറസ്റ്റിലായ ഐഎന്‍ടിയുസി പ്രവര്ത്തകന് ജോസഫിന്റെ ജാമ്യഹര്‍ജി എറണാകുളം സിജെഎം കോടതി ഇന്നു പരിഗണിക്കും.
ജോജുവിന്റെ വാഹനം തകര്‍ത്തതിന് കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. റോഡ് ഉപരോധിച്ചതിന് ഇന്നലെ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു.
വാഹനം തകര്‍ത്തെന്ന ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയാണ് കേസ് എടുത്തിട്ടുള്ളത്.
അതേസമയം ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണെന്ന് മരട് പോലീസ് അറിയിച്ചു. റോഡ് ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകര്‍ത്തതിനും രണ്ടു കേസുകളാണ് മരട് പോലീസ് എടുത്തിട്ടുള്ളത്.