കൊച്ചി/മരട്: ഇന്ധനവില വര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച ദേശീയപാത ഉപരോധസമരത്തിനിടെ നടന് ജോജു ജോര്‍ജുമായുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് പ്രതി ചേര്‍ത്തിട്ടുള്ള മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ ഇന്ന് ഉച്ചയ്ക്കുശേഷം മരട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയേക്കും.
ഉച്ചകഴിഞ്ഞ് പ്രകടനമായെത്തിയാകും കീഴടങ്ങുകയെന്ന് അറിയുന്നു. നിയമോപദേശത്തിന്റെയും, മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചാലും പ്രയോജനമുണ്ടാകില്ലെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് കീഴടങ്ങാനുള്ള തീരുമാനം.
ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഇതിനകം അറസ്റ്റിലായ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം കിട്ടാത്തതും കോണ്‍ഗ്രസ് നേതൃത്വത്തെ ഈ നിലപാടിലേക്ക് എത്തിച്ചു.
ജോജുവിന്റെ കാര്‍ തകര്‍ത്തതിന് ഒരു കേസും, വഴിതടയലിന് മറ്റൊരു കേസുമാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാര്‍ തകര്‍ത്ത കേസില്‍ ടോണി ചമ്മണി ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.
ടോണി ചമ്മണി ഒന്നാം പ്രതിയും ഇതിനകം അറസ്റ്റിലായ ജോസഫ്, ഷെറീഫ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളുമാണ്. വഴിതടയല്‍ കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്കും, കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കുമെതിരേയാണ് കേസെടുത്തിട്ടുള്ളത്.
പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഒളിവിലാണെന്നായിരുന്നു പ്രചാരണം.അതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നു ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ചേരുന്നുണ്ട്. പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും.
ഇരുഭാഗത്തുനിന്നും പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും കേസില്‍ ജോജു കക്ഷി ചേര്‍ന്നതോടെ ആ നീക്കം പാളുകയായിരുന്നു.
ഒത്തുതീര്‍പ്പിന് ജോജു സന്നദ്ധമായിരുന്നുവെന്നും സിപിഎം അനുകൂലികള്‍ ഇടപെട്ട് ജോജുവിനെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.