കൊച്ചി: വഴി തടഞ്ഞുള്ള കോണ്‍ഗ്രസ് സമരത്തിനെതിരേ പരസ്യ പ്രതിഷേധവുമായി നടന് ജോജു ജോര്‍ജ് രംഗത്ത്. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ സമരം നടത്തിയത്.
ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ കിലോമീറ്ററോളം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഗര്‍ഭിണികളും ആംബുലന്‍സുമടക്കം റോഡില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇതിനിടെയാണ് ഇവിടെയെത്തിയ ജോജു ജോര്‍ജ് സമരക്കാര്‍ക്കു നേരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ധനവില വര്‍ധനവിനെതിരേ ഒറ്റ ദിവസത്തെ സമരംകൊണ്ട് എന്തു നേട്ടമാണ് ഉണ്ടാകുന്നതെന്നു ജോജു ചോദിച്ചു.
സാധാരണക്കാരാണ് ബുദ്ധിമുട്ടിക്കുന്ന സമരമാണ് ഇവിടെ നടക്കുന്നത്. മണ്ടത്തരം കാണിച്ചു സമരം നടത്തരുത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളല്ലെന്നും ജോജു പറഞ്ഞു.
ജോജുവിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമരം നേരത്തെ അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം, മദ്യപിച്ചെത്തി ജോജു സമരം അലങ്കോലപ്പെടുത്തിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.
ഇതിനിടയിൽ സമരക്കാർ ജോജുവിന്റെ എൻഡവർ കാറിന്റെ പിൻവശത്തെ ചില്ല് തകർക്കുകയും ചെയ്തു.ജോജു മദ്യപിച്ചെത്തി സമരത്തിനു വന്ന സ്ത്രീകളെ അടക്കം അസഭ്യം പറഞ്ഞെന്നാണ് കോൺഗ്രസുകാരുടെ പരാതി.
അവർ രേഖാമൂലം പരാതി നൽകി. പോലീസ് ഏറെ പണിപ്പെട്ടാണ് സമരക്കാർക്ക് ഇടയിലൂടെ ജോജുവിന്റെ വാഹനം കടത്തിവിട്ടത്.