കൊച്ചി: ഇന്ധനവില വര്‍ധനയ്ക്കെതിരേ തിങ്കളാഴ്ച വൈറ്റില ബൈപാസില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധസമരത്തിനെതിരേ പ്രതികരിച്ച നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിനു സാധ്യത.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ദൃശ്യമാധ്യമങ്ങളിലെ ചിത്രങ്ങളും പോലീസ് ഇന്നും പരിശോധിക്കുന്നുണ്ട്.
ദൃശ്യങ്ങള്‍ പരിശോധിച്ച് കേസില്‍ കൂടുതല്‍ പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നു മരട് പോലീസ് ഇന്‍സ്പെക്ടര്‍ സാജന് ജോസഫ് പറഞ്ഞു.
ഇവരുടെ അറസ്റ്റും ഇന്നുണ്ടാകുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങള്‍ ജോജുവിനെ കാണിച്ച് പ്രതികളെ ഉറപ്പാക്കിയിരുന്നു. ജോജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.
കോടതിയിൽ ഹാജരാക്കും
അതേസമയം കാര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ ഐഎന്‍ടിയുസി പ്രവര്ത്തകന് വൈറ്റില ഡെല്സ്റ്റാര് റോഡില്‍ പേരേപ്പിള്ളി ജോസഫിനെ (47) ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇയാളെ ഇന്നലെ മരട് പോലീസാണ് അറസ്റ്റ് ചെയ്തത്. ഐഎന്‍ടിയുസി വൈറ്റില ഓട്ടോറിക്ഷ സ്റ്റാന്‍ഡ് കണ്‍വീനറായ ജോസഫ് കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍ സോണിയുടെ ഭര്‍ത്താവാണ്.
ജോജു ജോര്‍ജിന്റ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ പിന്നിലെ ചില്ലാണ് തകര്‍ത്തത്. കാര്‍ തകര്‍ക്കുന്ന ദൃശ്യങ്ങളില്‍ ജോസഫിന്റെ മുഖം വ്യക്തമാണ്.
കാര്‍ ആക്രമിക്കുന്നതിനിടെ ജോസഫിന്റെ വലതുകൈക്ക് മുറിവേറ്റിരുന്നെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടാതെ രഹസ്യകേന്ദ്രത്തിലേക്ക് മാറുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചത്.
ജോസഫിന്റെ രക്തസാമ്പിളുകള്‍ ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ചിട്ടുണ്ട്. അതിന്റെ പരിശോധനയും ഇന്നുണ്ടാകും. നിലവില്‍ ഒരാള്‍ മാത്രമാണ് കാര്‍ ആക്രമിച്ച കേസില്‍ പ്രതി.
തെളിവ് ലഭിച്ചാൽ നടപടി
അതേസമയം, നടന് ജോജു ജോര്‍ജിനെതിരായ പരാതിയില്‍ തെളിവില്ലെന്നും തെളിവ് ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
വനിത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റാണ് ജോജുവിനെതിരേ മരട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഉപരോധ സമരത്തിന് മൈക്ക് ഉപയോഗിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ലെന്നും റോഡ് പൂര്‍ണമായും തടസപ്പെടുന്ന സ്ഥിതി ഉണ്ടായതായും കമ്മീഷണര്‍ പറഞ്ഞു.
റോഡ് ഉപരോധിച്ച് വാഹനഗതാഗതം തടസപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന, ജില്ലാ നേതാക്കളെ പ്രതിചേര്‍ത്തു.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. ഉപരോധസമരം ഉദ്ഘാടനം ചെയ്ത കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്,
വൈസ് പ്രസിഡന്റുമാരയ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ ദീപ്തി മേരി വര്‍ഗീസ്, അബ്ദുള്‍ മുത്തലിബ്, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ധനപാലന്,
വി.കെ. മുഹമ്മദ്കുട്ടി, ടോണി ചമ്മണി, മാലിനി കുറുപ്പ് എന്നിവരടക്കം 15 പേരാണ് പ്രതികള്‍. പ്രതികളെ നോട്ടീസ് നല്കി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് ജാമ്യത്തില്വിടും.