വോട്ട് ചെയ്യാനുള്ള ആഗ്രഹം കൊണ്ട് അമേരിക്കയില്‍ നിന്ന് പറന്നെത്തി! രണ്ട് വീടിരിക്കുന്ന സ്ഥലത്തെ വോട്ടര്‍ പട്ടികയിലും പേര് കണ്ടില്ല; വോട്ട് ചെയ്യാനാവാത്ത നിരാശയില്‍ നടന്‍ ജോജു ജോര്‍ജ്

കനത്ത പോളിംഗാണ് ഇന്നലെ കേരളം രേഖപ്പെടുത്തിയത്. അതേസമയം പലര്‍ക്കും തങ്ങളുടെ സമ്മതിദാനം ഉറപ്പ് വരുത്താന്‍ സാധിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്. നടന്‍ ജോജു ജോര്‍ജിന് വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. അമേരിക്കയില്‍ നിന്നും വോട്ട് രേഖപ്പെടുത്താന്‍ എത്തിയതായിരുന്നു ജോജു. എന്നാല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയാതെ മടങ്ങേണ്ടി വന്നു, ജോജുവിന്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണ് ജോജുവിന് വിനയായത്.

ഒരു സിനിമയുടെ ലൊക്കേഷന്‍ കാണാന്‍ പോയതായിരുന്നു ജോജു അമേരിക്കയിലേക്ക്. തുടര്‍ന്ന് വോട്ട് ചെയ്യാനുള്ള ആഗ്രഹം കൊണ്ട് തെരഞ്ഞെടുപ്പ് ദിവസം തന്നെ ജോജു മടങ്ങി എത്തി. എന്നാല്‍ കുഴൂര്‍ കാക്കുളിശ്ശേരിയിലെ ബൂത്തിലെത്തിയ നടന്‍ വോട്ട് ചെയ്യാനാവാതെ മടങ്ങുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് വോട്ടു ചെയ്യാന്‍ കുഴൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ ജോജു എത്തിയത്. ബൂത്തില്‍ ചെന്ന് ക്രമനമ്പര്‍ അറിയാനായി വോട്ടര്‍പട്ടിക പരിശോധിച്ചു. രണ്ട് തവണ തെരഞ്ഞിട്ടും പേരു കണ്ടില്ല.

ഇനി, പഴയ വീടിരിക്കുന്ന സ്ഥലത്താകും വോട്ടെന്ന് കരുതി. അവിടെ ചെന്നും വോട്ടര്‍ പട്ടിക പരിശോധിച്ചു. അവിടെയും പേര് കണ്ടില്ല. പഴയ വീടിരിക്കുന്ന സ്ഥലത്തെ വോട്ടു പരിശോധനയില്‍ അവിടെ താമസമില്ലെന്ന് ഉദ്യോഗസ്ഥര്‍ കരുതിക്കാണും. പുതിയ വീടിരിക്കുന്ന സ്ഥലത്താണെങ്കില്‍ വോട്ടു ചേര്‍ക്കുന്ന കാര്യം ചിന്തിച്ചതുമില്ലെന്ന് നടന്‍ വെളിപ്പെടുത്തി.

Related posts