ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു.
ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയ ജോജുവിനെ ഇരുപക്ഷമായി ഇരുഭാഗത്തും അണിനിരന്നു. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരമാര്‍ഗം തെറ്റാണെന്നായിരുന്നു ജോജുവിന്റെ നിലപാട്.
എന്നാല്‍ ഇപ്പോള്‍ നടന്റെ ഒരു പഴയ വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം.
ഓട്ടോമൊബൈല്‍ വ്ളോഗറായ ബൈജു എന്‍. നായര്‍ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്നുള്ള ഒരു ഭാഗമാണ് ബല്‍റാം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
അഭിമുഖത്തിനിടയില്‍ തങ്ങള്‍ ആദ്യം കണ്ട സമയത്ത് ജോജുവിന് ഉണ്ടായിരുന്ന വണ്ടിയെക്കുറിച്ച് ബൈജു ചോദിക്കുമ്പോള്‍, ‘പെട്രോളടിക്കാന്‍ കാശില്ലാഞ്ഞിട്ട് ആ വണ്ടി വിറ്റു’ എന്ന് ജോജു പറയുന്ന ഭാഗമാണ് ബല്‍റാം പങ്കുവെച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു. അതേസമയം, ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞു.
ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തെ നടന്‍ ജോജു ജോര്‍ജ് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്രവര്‍ത്തകര്‍ കാര്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ ജോജുവിന്റെ കൈയ്ക്കും പരിക്ക് പറ്റിയിരുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വണ്ടിക്കുണ്ടായത്.
ഇന്നലെ നടന്ന റോഡ് ഉപരോധ സമരത്തിന് അനുമതി നല്‍കിയിരുന്നില്ലെന്ന് ഡിസിപിയും വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റുണ്ടാകുമെന്നാണ് കമ്മീഷണര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിക്കും മറ്റ് ഏഴു പേര്‍ക്കുമെതിരെ കേസെടുത്തിരുന്നു.
https://www.facebook.com/vtbalram/videos/383301396880705/?t=0