ആ ഓപ്പറേഷന്‍ കഴിഞ്ഞ് ഡോക്ടര്‍മാര്‍ പറഞ്ഞത് ഇത് താങ്കളുടെ രണ്ടാം ജന്മമാണെന്നാണ്! മരിച്ച്, വീണ്ടും ജീവിച്ച അപൂര്‍വ അനുഭവത്തെക്കുറിച്ച് നടന്‍ ജോജു പറയുന്നു

സിനിമയില്‍ എത്തിയിട്ട് പതിറ്റാണ്ടുകളായെങ്കിലും അടുത്ത കാലത്ത് മാത്രമാണ് അര്‍ഹിച്ച അംഗീകാരങ്ങള്‍ നടന്‍ ജോജുവിനെ തേടിയെത്തിയത്. ലഭിച്ച അവസരങ്ങളാകട്ടെ, ജോജു അതിന്റെ പൂര്‍ണതയില്‍ നിര്‍വഹിക്കുകകൂടി ചെയ്തതോടെ മലയാള സിനിമാസ്വാദകരുടെ അംഗീകാരവും ജോജുവിന് ലഭിച്ചു.

എന്നാല്‍ തന്റെ നിലവിലെ ജീവിതം അപ്രതീക്ഷിതമായി ലഭിച്ചതാണെന്നും കൈവിട്ടുപോയിട്ടും തിരിച്ചു പിടിച്ചതാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജോജു ഇപ്പോള്‍. സ്വന്തം മരണം കണ്ടുനിന്ന അപൂര്‍വ അനുഭവത്തെക്കുറിച്ചാണ് ജോജു ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

‘എനിക്കൊരു സര്‍ജറി വേണ്ടി വന്നു. അഞ്ചര മണിക്കൂറോളം നീണ്ട മേജര്‍ സര്‍ജറി. ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടു പോകുന്നതു വരെ നേരിയ ഓര്‍മയുണ്ട്. പിന്നെ, നടന്നതൊക്കെ സിനിമ പോലെയാണ്. സര്‍ജറിക്കിടെ എപ്പോഴോ ഞാനെന്നില്‍ നിന്നു പുറത്തു വന്നു. നോക്കുമ്പോള്‍ ഓപ്പറേഷന്‍ ടേബിളില്‍ എന്റെ ശരീരമിങ്ങനെ കണ്ണുകള്‍ തുറിച്ച്, വായ തുറന്നു കിടക്കുകയാണ്. ഒരു നഴ്‌സ് അടുത്തു നിന്നു കരയുന്നു. ഡോക്ടര്‍മാര്‍ വെപ്രാളപ്പെട്ട് എന്തോക്കെയോ ചെയ്യുന്നുണ്ട്. അതിനിടെ, അത്ര കാലത്തെ ജീവിതം മുഴുവന്‍ ഒരു സ്‌ക്രീനിലെന്ന പോലെ എന്റെ മുന്നില്‍ തെളിയാന്‍ തുടങ്ങി.

പെട്ടെന്ന് ആരോ അടുത്ത് നിന്ന് സംസാരിക്കുന്നതു പോലെ തോന്നി. രൂപമില്ല, ശബ്ദം മാത്രം. അത് മരണത്തിന്റെയോ അതോ ദൈവത്തിന്റെയോ എന്നൊന്നുമറിയില്ല. കയ്യും കാലുമൊക്കെ അനക്കാന്‍ പറയുകയാണ്. ശ്രമിക്കണമെന്നുണ്ട്, പറ്റുന്നില്ല. എനിക്കു കരച്ചില്‍ വന്നു. എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ കഴിഞ്ഞു. അടുത്ത ദിവസം ഡോക്ടര്‍മാര്‍ പറഞ്ഞത് ഇതു നിന്റെ രണ്ടാം ജന്മമാണെന്നാണ്. ഓപ്പറേഷനിടെ ഹൃദയം കുറച്ചു നേരത്തേക്ക് നിന്നു പോയത്രേ. അപ്പോഴാണ് ഞാന്‍ കണ്ടതൊന്നും സ്വപ്നമല്ലെന്ന് എനിക്ക് പൂര്‍ണ ബോധ്യം വന്നത്.” -ജോജു പറഞ്ഞു.

എന്നെ സംബന്ധിച്ച് സിനിമയില്‍ എളുപ്പവഴികളില്ല. ജോസഫ്’ കണ്ട്, ‘നീ നല്ല നടനായി, നിന്നിലൊരു നടന്റെ സ്പാര്‍ക്ക് കണ്ടു’ എന്നൊക്കെ പലരും പറഞ്ഞു. പക്ഷേ, പരീക്ഷയ്ക്കു മുന്‍പുള്ള തയാറെടുപ്പ് മാത്രമാണിത്. വാങ്ങുന്ന പൈസയില്‍ വര്‍ധന ഉണ്ടാകാം. നടന്‍ എന്ന നിലയില്‍ വളര്‍ന്നോ എന്നൊന്നുമറിയില്ല.

100 ദിവസം അഭിനയിച്ചിട്ട് 1000 രൂപ പ്രതിഫലം കിട്ടിയിട്ടുള്ള എന്നെ സംബന്ധിച്ച് പണം രണ്ടാമതാണ്. സാമ്പത്തികമായി വളര്‍ന്നതു കൊണ്ട് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ പറ്റുന്നു. നടനെന്ന നിലയില്‍ കിട്ടുന്ന അംഗീകാരം അതിനൊക്കെ എത്രയോ മുകളിലാണ്.” – ജോജു പറഞ്ഞു.

Related posts