ഷാജിമോന്‍ ജോസഫ്
കൊച്ചി: റോഡ് ഉപരോധസമരത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും നടന് ജോജു ജോര്‍ജും തമ്മില്‍ ഉടലെടുത്ത പോരില്‍ ജോജുവിനെ തള്ളാനും കൊള്ളാനുമാകാതെ സിപിഎമ്മും ഇടതു കക്ഷികളും.
വിവാദം കത്തിപ്പടരുമ്പോഴും സിപിഎമ്മോ ഭരണമുന്നണിയിലെ മറ്റു കക്ഷികളോ കോണ്‍ഗ്രസിനെ എതിര്‍ത്തോ ജോജുവിനെ അനുകൂലിച്ചോ പ്രസ്താവന ഇറക്കുകയോ രംഗത്തുവരികയോ ചെയ്തിട്ടില്ല.
നിയമസഭാ സമ്മേളനത്തില്‍ ഇന്നലെ, ഇന്ധനവില വര്‍ധന പ്രതിപക്ഷം വിഷയമാക്കിയെങ്കിലും കോണ്‍ഗ്രസ്-ജോജു പോരിലേക്ക് കാര്യമായി കടക്കാതെ ഭരണപക്ഷം വഴുതിമാറുകയായിരുന്നു.
ജോജുവിനെ മദ്യപാനിയായി ചിത്രീകരിച്ചതു ശരിയായില്ലെന്നു മാത്രമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
അതിനപ്പുറത്തേക്ക് സമരത്തിലെ സംഘര്‍ഷാവസ്ഥയിലേക്കു കടക്കാനോ ജോജുവിനുനേരേയുണ്ടായ ആക്രമണത്തെക്കുറിച്ചു പ്രതികരിക്കാനോ അദേഹം മുതിര്‍ന്നില്ല എന്നതു ശ്രദ്ധേയമായി.
ഇന്ധനവിലവര്‍ധനയ്ക്കെതിരേ സംസ്ഥാനത്ത് ആളുന്ന ജനരോഷം ഏറ്റെടുത്തായിരുന്നു കോണ്‍ഗ്രസിന്റെ സമരമെന്നതാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്.
ഇതേ വിഷയത്തില്‍ സിപിഎമ്മും ഡിവൈഎഫ്ഐയും മറ്റും സമരപാതയിലാണു താനും.
ഈ സാഹചര്യത്തില്‍ ജോജുവിനെ പിന്തുണച്ച്, രാഷ്ട്രീയമായി കോണ്‍ഗ്രസിനെതിരേ നേട്ടമുണ്ടാക്കാന്‍ തുനിഞ്ഞാല്‍ അത് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക ഒരു വശത്ത്.
കോണ്‍ഗ്രസിന്റെ സമരത്തെ തുറന്നെതിര്‍ത്താല്‍, റോഡു തടഞ്ഞും അക്രമ അന്തരീക്ഷം സൃഷ്ടിച്ചും മുമ്പ് അനവധി സമരങ്ങള്‍ നടത്തി പാരമ്പര്യമുള്ള സിപിഎമ്മിന് മറുപടി പറയാന്‍ കഴിയാതെവരുമെന്ന നിസഹായാവസ്ഥ മറുവശത്ത്.
അന്ന് സന്ധ്യ, ഇന്ന് ജോജു
ഏതാനും വര്‍ഷം മുമ്പ് സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സിപിഎം നടത്തിയ റോഡ് ഉപരോധസമരത്തെ സന്ധ്യ എന്ന വീട്ടമ്മ ഒറ്റയ്ക്ക് ചോദ്യം ചെയ്തപ്പോള്‍, അവര്‍ക്കെതിരേ നടത്തിയ കടന്നാക്രമണചരിത്രവും ജോജു വിഷയത്തില്‍ സിപിഎമ്മിനെ മൗനത്തിലാക്കുന്നു.
അന്ന് സന്ധ്യക്ക് വിവിധ രാഷ്ട്രീയകക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍, സമരം പൊളിക്കാന്‍ സന്ധ്യയുടെ ഷോ പ്രകടനമാണെന്നായിരുന്നു സിപിഎം നേതാക്കളുടെ ആക്ഷേപം.
വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസ് സമരമുഖത്തേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ജോജു എന്ന നടന് കടന്നുവന്നപ്പോള്‍ അതു മറ്റൊരു ഷോ കാണിക്കലായി കോണ്‍ഗ്രസും വ്യാഖ്യാനിച്ചു.
നിയമസഭാ ഹാളിലെ അക്രമവും കൈയാങ്കളിയുമായി ബന്ധപ്പെട്ട് മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരേ കോടതിയില്‍ നടക്കുന്ന നിയമനടപടികളും കോണ്‍ഗ്രസ് സമരത്തെ തള്ളിപ്പറയുന്നതില്നിന്ന് സിപിഎമ്മിനെ പിന്തിരിപ്പിക്കുന്നു.
ഇക്കാരണങ്ങളാല്‍തന്നെ ജോജു വിഷയത്തില്‍ വളരെ കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശം.
കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു
പുതിയ വിവാദത്തില്‍ ഘടകകക്ഷികളുടെ പിന്തുണ കിട്ടാതെ കോണ്‍ഗ്രസും ഏറെക്കുറെ ഒറ്റപ്പെടുകയാണ്.
ജോജുവിനെ അനുകൂലിച്ച് ചലച്ചിത്രലോകത്തുനിന്ന് വലിയ തോതിലുള്ള പ്രതികരണങ്ങള്‍ വന്നെങ്കിലും സിപിഎം ശൈലിയിലുള്ള കോണ്‍ഗ്രസിന്റെ സമരരീതിയെ അനുകൂലിച്ചോ എതിര്‍ത്തോ യുഡിഎഫിലെ ഘടകകക്ഷികളൊന്നും രംഗത്തുവന്നിട്ടില്ല എന്നതു ശ്രദ്ധേയമാണ്.
മാത്രമല്ല, സമരരീതിയോട് കോണ്‍ഗ്രസിനുള്ളില്‍ പോലും ഭിന്നസ്വരമാണ് മുഴങ്ങിക്കേട്ടത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ജോജുവിനെതിരേ പരസ്യമായി പൊട്ടിത്തെറിച്ചെങ്കിലും വി.ഡി. സതീശനും കെ.സി. വേണുഗോപാലും സമരരീതിയെ തള്ളിപ്പറയുകയായിരുന്നു.
കോണ്‍ഗ്രസില്‍ ഭിന്നനിലപാടുണ്ടായത് വലിയ തോതില്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. ജോജു വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പാര്‍ട്ടിയിലെ ശക്തമായ വികാരം.