കൊച്ചി: നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടി അറസ്റ്റില്‍. കോണ്‍ഗ്രസ് തൃക്കാക്കര മണ്ഡലം മുന്‍ പ്രസിഡന്റ് തൃക്കാക്കര കളപ്പുരയ്ക്കല്‍ ഷെറീഫ്(40) ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നലെ രാത്രി വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയില്‍ ഹാജരാക്കും.
അതേസമയം കാര്‍ തകര്‍ത്ത സംഭവത്തില്‍ ആദ്യം അറസ്റ്റിലായ രണ്ടാം പ്രതിയും ഐഎന്‍ടിയുസി പ്രാദേശിക നേതാവുമായ പി.ജി. ജോസഫിന്റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ കക്ഷി ചേരാന്‍ ജോജു അപേക്ഷ സമര്‍പ്പിച്ചിരുന്നു.
സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിനെതിരായ നിയമത്തിലെ വ്യവസ്ഥകള്‍ ചുമത്തിയാണ് ജോസഫിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
മുന്‍ മേയര്‍ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.വൈ. ഷാജഹാന്, മനു ജേക്കബ് തമ്മനം, മണ്ഡലം പ്രസിഡന്റ് ജര്‍ജസ്, സൗത്ത് മണ്ഡലം മുന്‍ പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവരെല്ലാം ഒളിവിലാണ്. ഇവര്‍ക്കായി മരട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
മോട്ടോര്‍ വാഹനവകുപ്പ് ജോജുവിനെതിരേ കേസെടുത്തു
കൊച്ചി: കാറിന്റെ അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി ഫാന്‍സി നമ്പര്‍പ്ലേറ്റ് പിടിപ്പിച്ചതിനു നടന് ജോജു ജോര്‍ജിനെതിരേ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു.പിഴയടച്ച് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചു വാഹനം ഹാജരാക്കാനാണ് എറണാകുളം ആര്‍ടിഒയുടെ ഉത്തരവ്.
പൊതുപ്രവര്‍ത്തകനായ മനാഫ് പുതുവായില്‍ നല്കിയ പരാതിയിലാണ് നടപടി. വൈറ്റിലയിലെ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനിടയില്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത് ഈ കാര്‍ ആയിരുന്നു.
ജോജുവിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ബിഎംഡബ്ല്യു കാര്‍ ഹരിയാന രജിസ്ട്രേഷനുള്ളതാണെന്നും ഇവിടെ അനധികൃതമായി ഉപയോഗിക്കുന്നുവെന്നും മനാഫ് മറ്റൊരു പരാതി കൂടി മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയിരുന്നു. ഈ പരാതി ചാലക്കുടി ആര്‍ടിഒയ്ക്കു കൈമാറിയിട്ടുണ്ട്.