കൊച്ചി: ഇന്ധനവില വര്‍ധനയ്ക്കെതിരേ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ പോലീസ് പ്രതി ചേര്‍ത്തിട്ടുള്ള രണ്ടുപേര്‍ കൂടി ഇന്ന് കീഴടങ്ങിയേക്കും.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്, സൗത്ത് മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്.
അതേസമയം കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി, കോര്പറേഷന് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ മനു ജേക്കബ്, യൂത്ത് കോണ്‍ഗ്രസ് തമ്മനം മണ്ഡലം പ്രസിഡന്റ് ജര്‍ജസ്, കോണ്‍ഗ്രസ് വൈറ്റില മണ്ഡലം സെക്രട്ടറി ജോസ് മാളിയേക്കല്‍ എന്നിവര്‍ ഇന്നലെ കീഴടങ്ങിയിരുന്നു.
മരട് കൊട്ടാരം ജംഗ്ഷനില്‍നിന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ പ്രകടനമായി സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈദ്യപരിശോധന നടത്തി നാലു പേരെയും മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ടോണി ചമ്മിണി ഉള്‍പ്പെടെയുളളവരുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.
കേസില്‍ പി.ജി. ജോസഫ്, ഷെറീഫ് എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ഇവര്‍ ജയിലിലാണ്. ജോസഫിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ ആകെ എട്ടു പ്രതികളാണുള്ളത്.
സമരവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജോജുവിന്റെ കാര്‍ തകര്‍ത്തതിന് ഒരു കേസും റോഡ് ഉപരോധിച്ചതിനു മറ്റൊരു കേസും.
വഴിതടയല്‍ കേസില്‍ 15ഓളം പേര്‍ക്കും മറ്റു കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കുമെതിരേ കേസുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ടോണി ചമ്മണിയും കൂട്ടരും കീഴടങ്ങാന്‍ തീരുമാനിച്ചത്.
കേസെടുത്ത വകുപ്പ് ഇങ്ങനെ
കാര്‍ തകര്‍ത്ത കേസില്‍ പ്രതികള്‍ക്കെതിരേ ശക്തമായ വകുപ്പിലാണ് പോലീസ് കേസ് എടുത്തിട്ടുളളത്.
പൊതുമുതല്‍ സംരക്ഷണ നിയമത്തിനു സമാനമായ സ്വകാര്യ സ്വത്ത് സംരക്ഷണ നഷ്ടപരിഹാര നിയമമാണ് ചുമത്തിയിരിക്കുന്നത്.
അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇത്തരം കേസുകളില്‍ പ്രതികള്‍ക്കു ജാമ്യം ലഭിക്കാന്‍ കേടുപാടു സംഭവിച്ച സ്വകാര്യ സ്വത്തിന്റെ വിലയുടെ പകുതിയില്‍ കുറയാത്ത തുക കോടതി മുന്‍പാകെ ബാങ്ക് ഗ്യാരണ്ടിയും തുല്യ തുകയ്ക്കുള്ള രണ്ട് ആളുകളുടെ ഉറപ്പും ബോണ്ടും നല്‍കണമെന്നാണു നിയമം.