കഥാസാരം
രണ്ടായിരത്തില്‍ ഒരു മേടച്ചൂടിലാണ് ലോഹിതദാസ് ജോക്കർ എന്ന ചലച്ചിത്രാവിഷ്ക്കാരം ഒരുക്കുന്നത്. സര്‍ക്കസ് എന്ന് മാസ്മരികലോകത്ത്..സര്‍ക്കസിലെ ഒരു കോമാളിയടെ (ജോക്കറിന്റെ) കഥ ചിട്ടപ്പെടുത്തുവാനാണ് ലോഹിതദാസ് പരിശ്രമിച്ചത്. തന്റെ പ്രിയപ്പെട്ട എഴുത്തിന്റെ സങ്കേതമായ ഷൊര്‍ണൂര്‍ റെസ്റ്റ് ഹൗസിലും മയൂരം റെസ്റ്റ് ഹൗസിലും തങ്ങിയാണ് ജോക്കര്‍ എന്ന സിനിമയുടെ ഇഴകൾ നെയ്തെടുത്തത്. അതിനെത്രയോ മുമ്പ് ഈ കഥയെ കുറിച്ച് അദ്ദേഹം ആലോചിച്ചിരുന്നത്രേ.
കഥ മനസ്സില്‍ രൂപപ്പെടുമ്പോള്‍ അറിഞ്ഞോ അറിയാതെയോ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിൽ ഒരാളായ ബഹദൂറിനെ അതിൽ ഉപയോഗപ്പെടുത്തണമെന്ന് ലോഹിതദാസ് തീര്‍ച്ചപ്പെടുത്തിയിരുന്നു. ഇടുക്കിയിലെ അഞ്ചരകണ്ടി എന്ന ഗ്രാമത്തില്‍ നിന്നാണ് ഈ സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി റോയല്‍ സര്‍ക്കസ് സംഘത്തെ ചെറുതുരുത്തിയിലെ ലൊക്കേഷനായ ഭാരതപ്പുഴയുടെ തീരത്തേക്ക് എത്തിക്കുന്നത്. ബാബു എന്ന നായക കഥാപാത്രമായി (ജോക്കറായി) ദിലീപിനെയും നായികയായി മന്യയേയും തീര്‍ച്ചപ്പെടുത്തുകയായിരുന്നു.
മണ്മറഞ്ഞുപോയ മാള അരവിന്ദനും, പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന എന്‍.എല്‍.ബാലകൃഷ്ണനും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. സമ്പന്നമായ താരനിരകൊണ്ടും പ്രശസ്തരായ ടെക്നീഷ്യന്സിനെക്കൊണ്ടും മനോഹരമായ സിനിമാനുഭവമാണ് ലോഹിതദാസ് സൃഷ്ടിച്ചത്.
സീന്‍ 1 (പകല്‍) ചെറുതുരുത്തി ഭാരതപ്പുഴയുടെ തീരം
ചെറുതുരുത്തി- മലയാള സിനിമയിലെ പ്രശസ്തമായ സിനിമാ ഗ്രാമം. സര്‍ക്കസ് കൂടാരം സെറ്റിട്ടിരിക്കുന്നു. ആനയും, സിംഹവും, പുലിയും കോമാളികളും റിംഗിലെ നര്‍ത്തകിമാരും ട്രിപ്പീസ് കളിക്കാരും അടങ്ങുന്ന ഒരു യഥാര്‍ത്ഥ സര്‍ക്കസിന്റെ ആരവങ്ങള്‍.
നാട്ടുവാസികള്‍ ഉത്സവത്തിമിര്‍പ്പോടെ വന്നുപോയിക്കൊണ്ടിരുന്നു. തങ്ങള്‍ക്കു പ്രിയപ്പെട്ട സംവിധായകനായ ലോഹിതദാസ്, നടന് ദിലീപ്, നിശാന്ത് സാഗര്‍, മാമുക്കോയ, എന്‍.എല്‍.ബാലകൃഷ്ണന്, ടി.എസ്. രാജു, ബിന്ദു പണിക്കര്‍, നായിക മന്യ, മാള അരവിന്ദന്, ഭൂതകണ്ണാടി എന്ന സിനിമയിലൂടെ പ്രശസ്തനായ ശ്രീഹരി, ഗിന്നസ് പക്രു, സീനത്ത് തുടങ്ങി മലയാളസിനിമയിലെ പ്രഗത്ഭരായ താരങ്ങള്‍.
ഹാസസമ്രാട്ടും സ്വഭാവ നടനുമായ ബഹുദൂര്‍ എന്ന നടന്റെ സാന്നിധ്യം അവിടെ വലിയൊരു മുതല്‍ക്കൂട്ടായിരുന്നു. വളരെ നാളുകള്‍ക്കുശേഷമാണ് മലയാളസിനിമയില്‍ അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിൽ ഒരു കോമാളിയുടെ വേഷമാണ് അദ്ദേഹത്തിന്. വളരെ കാലം സര്‍ക്കസിലെ കോമാളിയായി വിലസുകയും അതിനുശേഷം മാനസിക വിഭ്രാന്തി അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന കഥാപാത്രം.
സീന്‍ 2 (പകല്‍)സര്‍ക്കസ് ടെന്റിന് ഉള്‍വശം
വളരെ പ്രധാനപ്പെട്ട ഒരു സീന്‍ ചിത്രീകരിക്കുവാനുളള തയ്യാറെടുപ്പിലാണ് ലോഹിതദാസും അസോസിയേറ്റ് ഡയറക്ടര്‍ ബ്ലെസിയും. ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുകയാണ് ബ്ലെസി. മാനസിക വിഭ്രാന്തിയാല്‍ ചങ്ങലയില്‍ ബന്ധിതനായിരിക്കുന്ന ബഹദൂർ, തന്നെ സര്‍ക്കസ് റിംഗിലേക്കു കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട് ബഹളം വയ്ക്കുന്നതാണ് രംഗം.
ലൈറ്റപ്പ് ശരിയാക്കി കാമറാമാന് വേണുഗോപാല്‍ ആ സീന്‍ പകര്‍ത്താൻ സജ്ജമാണെന്ന് ഡയറക്ടറെ അറിയിക്കുന്നു. ഒരു റിഹേഴ്സലിനുശേഷം ആക്ഷന്‍ പറയുന്നു. പെട്ടെന്ന് എച്ച്.എം.ഐ. ലൈറ്റില്‍ വച്ചിരുന്ന ബട്ടര്‍പേപ്പര്‍ പുകയാന്‍ തുടങ്ങി. അത് തീയായി ടെന്റില്‍ കയറിപ്പിടിച്ചു. കാറ്റിന്റെ ശക്തികൊണ്ട് തീ വളരെ വേഗം ആളിപ്പടര്‍ന്നു. ഒരു ഭീകരാന്തരീക്ഷം. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചു നില്‍ക്കുകയാണ്. ടെന്റില്‍ ബഹദൂര്‍ ചങ്ങലയില്‍ ബന്ധിതനാണ്.
അദ്ദേഹത്തിന് മറ്റുളളവരോടൊപ്പം ഓടി പുറത്തുകടക്കാന്‍ കഴിയുന്നില്ല. അപ്പോഴാണ് സെറ്റ് അസിസ്റ്റന്റ് ആയിരുന്ന രാജന് കൊയിലാണ്ടി ഒരു നിമിഷം പാഴാക്കാതെ ടെന്റിനുളളിലേക്ക് പാഞ്ഞുകയറി ബഹദൂറിനെ താങ്ങിയെടുത്ത് പുറത്തു കൊണ്ടുവന്നത്. നിമിഷങ്ങള്‍ക്കകം ടെന്റ് കത്തിനശിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ജോര്‍ജ്ജ് തുടങ്ങി ഒട്ടേറെ ആളുകള്‍ക്ക് പൊള്ളലേറ്റു. ഈ അവസരത്തില്‍ ഷൂട്ടിംഗ് തുടരേണ്ട എന്ന് സംവിധായകന് തീരുമാനിക്കുകയും ചെയ്യുന്നു.
സീന്‍ 3 (പകല്‍) സര്‍ക്കസ് ടെന്റ്
ജോക്കറിലെ മറ്റൊരു പ്രധാന സീന്‍ ചിത്രീകരണത്തിന്റെ തിരക്കുകള്‍. ബഹദൂര്‍ ഈ സിനിമയിലെ അദ്ദേഹത്തിന്റെ അവസാന സീന്‍ (യാദൃശ്ചികമായി അത് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ അവസാനത്തെ സീനുമായി) സിംഹത്തിന്റെ കൂട്ടില്‍ കയറി മരണപ്പെടുന്ന സീനാണ് ചിത്രീകരിക്കുന്നത്. വളരെ റിസ്കുള്ള സീന്‍ ആയതുകൊണ്ട് ലോഹിതദാസിന്റെയും ബ്ലെസിയുടെയും മുഖത്ത് ടെന്‍ഷനുണ്ട്.
വളരെ ശ്രദ്ധയോടും മനോധൈര്യത്തോടും കൂടി ബഹദൂര്‍ തന്റെ റോള്‍ ഭംഗിയാക്കുന്നു. ചുറ്റും കൂടിനിന്നവര്‍ കയ്യടിച്ച് അദ്ദേഹത്തെ സന്തോഷവാനാക്കി. ലോഹിതദാസ് അദ്ദേഹത്തെ വാരിപ്പുണര്‍ന്നു. ബഹദൂര്‍ക്ക സെറ്റിലെ എല്ലാവരോടും യാത്ര ചോദിച്ചു. ഷൊര്‍ണ്ണൂര്‍ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽനിന്ന് ചെന്നൈയിലേക്കു പോകാനായി രാത്രി കാറില്‍ കയറുമ്പോള്‍ ബഹദൂർ വളരെ വിഷമത്തോടുകൂടി കണ്ണുകള്‍ തുടയ്ക്കുന്നുണ്ടായിരുന്നു.
സീന്‍ 4 (രാത്രി) ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്
ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ ചെന്നപ്പോൾ ട്രെയിന്‍ ഒരു മണിക്കൂര്‍ ലേറ്റാണ്. ബഹദൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിമന്റ് ബഞ്ചില്‍ ഇരുന്നു. പ്ലാറ്റ്ഫോമിലൂടെ നടന്നു പോയവര്‍ പലരും ബഹദൂറിനെ നോക്കി എവിടെയോ കണ്ടു മറന്ന മുഖം എന്നപോലെ നോക്കുന്നുണ്ടായിരുന്നു. ചിലർ പറഞ്ഞു- നടന് ബഹദൂര്‍ ആണെന്നു തോന്നുന്നു. ഇതു കേട്ട് അദ്ദേഹം വളരെ വിഷമത്തോടെ പറഞ്ഞു- കണ്ടില്ലേ ഇതാണ് മലയാളി. സിനിമയില്‍ തിളങ്ങി നില്ക്കുന്ന കാലം നമ്മളെ ആരാധനയോടും ആഘോഷങ്ങളോടും കൂടി വരവേല്‍ക്കും. പക്ഷേ ചേതന നഷ്ടപ്പെട്ടാല്‍ നമ്മള് വെറും സാധാരണ മനുഷ്യന്.
സീന്‍ 5 (ക്ലൈമാക്സ്)സര്‍ക്കസ് ടെന്റ്
നീണ്ട 52 ദിനങ്ങള്‍ രാത്രിയോ പകലോ എന്നറിയാതെ ജോക്കറിനുവേണ്ടി എല്ലാവരും അഹോരാത്രം പണിയെടുത്തു. ലോഹിതദാസ് എന്ന ചലച്ചിത്ര പ്രതിഭ തന്റെ തൂലികയില്‍ തീര്‍ത്ത ഈ ജോക്കറെ ബഹദൂറിനു വേണ്ടി കാലം കാത്തുവെച്ചതായിരുന്നു. ഒരു സര്‍ക്കസ് ടെന്റിലെ ജോക്കറിന്റെ കഥ പറയുവാന്‍ ചലിപ്പിച്ച ലോഹിതദാസിന്റെ അറിഞ്ഞോ അറിയാതെയോ റോയല്‍ സര്‍ക്കസ്സിന്റെ സംഭവ ബഹുലമായ കഥയിലേക്കും എത്തി. മുങ്ങിക്കൊണ്ടിരുന്ന കപ്പലായിരുന്നു റോയല്‍ സര്‍ക്കസ്.
സിനിമയുടെ ചിത്രീകരണം തീരുന്പോഴേക്കും ലോഹിതദാസും ഞങ്ങളെല്ലാവരും തീര്‍ത്തും ക്ഷീണിതരായി. അവിടെനിന്ന് വിട്ടുപിരിഞ്ഞു പോരുമ്പോള്‍ സര്‍ക്കസ് ടെന്റിലെ എല്ലാവരുടെയും കണ്ണുകളില്‍ നനവു പടർന്നിരുന്നു.