ന്യൂയോർക്ക്: നൊവാക് ജോക്കോവിച്ചിന്റെ കലണ്ടർ സ്ലാം സ്വപ്നം തകർത്ത് ഡാനിൽ മെദ്വദേവ്. ജോക്കോയെ പരാജയപ്പെടുത്തി റഷ്യയുടെ മെദ്വദേവ് യുഎസ് ഓപ്പൺ ചാമ്പ്യനായി. മെദ്വദേവിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണിത്.
ലോക ഒന്നാം നമ്പർ താരത്തെ രണ്ടാം സീഡായ മെദ്വദേവ് നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഒരു പിടി റിക്കാർഡുകൾ സ്വപ്നംകണ്ട് കളത്തിലെത്തിയ ജോക്കോയെ ശക്തമായ പോരാട്ടത്തിനൊടുവിൽ റഷ്യൻ താരം വീഴ്ത്തി. സ്കോർ: 6-4, 6-4, 6-4. മുൻപ് രണ്ട് തവണ ഗ്രാൻസ്ലാം ഫൈനലിൽ കടന്നിട്ടും അകന്നുപോയ കിരീടം ഇത്തവണ മെദ്വദേവ് വിട്ടുകൊടുത്തില്ല.
സെർബിയൻ താരം ഈ സീസണിൽ ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു. യുഎസ് ഓപ്പണും ജയിച്ച് കല ണ്ടർ സ്ലാം നേടാമെന്ന ജോക്കോയുടെ മോഹമാണ് മെദ്വദേവ് തകർത്തത്.
ജയം നേടാനായാരുന്നെങ്കിൽ ജോക്കോവിച്ചിന്റെ ഗ്രാൻസ്ലാം കിരീടങ്ങളുടെ എണ്ണം 21 ആകുമായിരുന്നു. റോജർ ഫെഡറർ, റഫേൽ നദാൽ എന്നിവർക്കൊപ്പം 20 ഗ്രാൻസ്ലാം കിരീടങ്ങളുമായി ജോക്കോവിച്ച് റിക്കാർഡ് പങ്കിടുകയാണ്.
2005 ൽ 35 വയസുള്ള ആന്ദ്രെ അഗാസിക്ക് ശേഷമുള്ള ഏറ്റവും പ്രായം കൂടിയ യുഎസ് ഓപ്പണ്‍ ഫൈനലിസ്റ്റായിരുന്നു ജോക്കോ. 1970 ൽ 35-ാം വയ സിൽ കെൻ റോസ്വാളിനുശേഷം യുഎസ് ഓപ്പണ്‍ ചാമ്പ്യനാകുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും സെർബിയൻ താരത്തെ വിട്ടകന്നു. എന്നാൽ ജോക്കോ 31-ാം ഗ്രാൻസ്ലാം ഫൈനലുകളെന്ന ഫെഡററുടെ റിക്കാർഡിനൊപ്പമെത്തി.