ലണ്ടൻ: വിംബിൾഡണ്‍ ഫൈനലിൽ പരാജയപ്പെട്ടതിന് പിന്നാലെ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന് മറ്റൊരു തിരിച്ചടി കൂടി.
സ്പാനിഷ് താരം കാർലോസ് അൽക്കാരസുമായുള്ള കലാശപ്പോരിനിടെ റാക്കറ്റ് നെറ്റ്പോളിൽ അടിച്ച് നശിപ്പിച്ച ജോക്കോവിച്ചിന് വിംബിൾഡൺ അധികൃതർ 6,117 പൗണ്ടിന്റെ (ഏകദേശം ആറുലക്ഷം രൂപ) പിഴശിക്ഷ വിധിച്ചു.
ടെന്നീസ് ചരിത്രത്തിൽ ഒരു താരം പിഴയായി ഒടുക്കേണ്ടിവരുന്ന ഏറ്റവും വലിയ തുകകളിലൊന്നാണിത്. ഈ തുക ജോക്കോവിച്ചിന്റെ സമ്മാനത്തുകയിൽ നിന്ന് വെട്ടിച്ചുരുക്കും.
ഇതാദ്യമായല്ല ജോക്കോവിച്ചിനെതിരേ അച്ചടക്കനടപടിയുണ്ടാകുന്നത്. 2020 യുഎസ് ഓപ്പണിനിടെ പോയിന്റ് നഷ്ടപ്പെട്ട നിരാശയിൽ ജോക്കോവിച്ച് നീട്ടിയടിച്ച പന്ത് ലൈൻ ജഡ്ജിന്റെ കഴുത്തിൽ കൊണ്ടതിനെത്തുടർന്ന് താരത്തെ മത്സരത്തിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.