പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നന്പർ താരമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് മാരത്തണ്‍ പോരാട്ടത്തിനൊടുവിൽ സ്പെയിനിന്റെ ബൗതിസ്ത അഗട്ടിനെ കീഴടക്കി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 6-4, 7-6(8-6), 7-6(7-4), 6-2നായിരുന്നു ജോക്കോയുടെ ജയം.
2006 യുഎസ് ഓപ്പണിനുശേഷം ഏറ്റവും മോശം റാങ്കിലുള്ള സെർബിയൻ താരം ഫ്രഞ്ച് ഓപ്പണിൽ 20-ാം സീഡ് ആണ്. നാല് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു മുൻ ലോക ഒന്നാം നന്പർ താരത്തിന്റെ ജയം.
നാലാം സീഡായിരുന്ന ബർഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ് മൂന്നാം റൗണ്ടിൽ പുറത്തായി. സ്പെയിനിന്റെ ഫെർണാണ്ടോ വെർഡസ്കോയാണ് 7-6(7-4), 6-2, 6-4നു ദിമിത്രോവിനെ കീഴടക്കിയത്. വനിതാ സിംഗിൾസിൽ ചെക് റിപ്പബ്ലിക്കിന്റെ ബാർബോറ സ്ട്രികോവ, അമേരിക്കയുടെ മാഡിസണ്‍ കെയ്സ്, റഷ്യയുടെ ഡാരിയ കസാറ്റ്കിന, കസാക്കിസ്ഥാന്റെ യൂലിയ പുറ്റിൻസെവ എന്നിവർ പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.