സെർബിയൻ പുരുഷ സിംഗിൾസ് ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് പുതിയ റിക്കാർഡിൽ. മാസ്റ്റേഴ്സ് ടൂർണമെന്റുകളിലെ എല്ലാ കിരീടങ്ങളും നേടുന്ന ആദ്യ താരമെന്ന റിക്കാർഡാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. സിൻസിനാറ്റി മാസ്റ്റേഴ്സ് ഫൈനലിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററെ കീഴടക്കി ജോക്കോവിച്ച് കിരീടം കരസ്ഥമാക്കി. ഇതോടെ ഒന്പത് മാസ്റ്റേഴ്സ് കിരീടവും സെർബ് താരത്തിന്റെ പേരിൽ കുറിക്കപ്പെട്ടു. 6-4, 6-4നായിരുന്നു ജോക്കോവിച്ചിന്റെ ജയം.
സിൻസിനാറ്റിയിൽ ആദ്യമായാണ് എനിക്ക് കിരീടമുയർത്താനായത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട മുഹൂർത്തമാണിത് – ജോക്കോവിച്ച് പറഞ്ഞു. സിൻസിനാറ്റി മാസ്റ്റേഴ്സ് സിംഗിൾസ് ഫൈനലിൽ നേരത്തേ ജോക്കോവിച്ച് അഞ്ച് തവണ എത്തിയിരുന്നു. ഫെഡറർ സിൻസിനാറ്റി കിരീടം ഏഴ് തവണ നേടിയിട്ടുണ്ട്.
ഇതോടെ അടുത്ത തിങ്കളാഴ്ച ആരംഭിക്കുന്ന യുഎസ് ഓപ്പണിൽ പൂർണആത്മവിശ്വാസത്തോടെ ജോക്കോവിച്ചിനു പങ്കെടുക്കാം.