കോട്ടയം: ഇക്വഡോറിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഒരാൾ ഒളിവിൽ. പെരുന്പാവൂർ അറയ്ക്കപ്പടി ഭാഗത്ത് പാറയിൽ രഞ്ജിത് വർഗീസ് (27), വലപ്പാട് ബിച്ച് അരവീട്ടിൽ നിർമൽ (27) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
രഞ്ജിത്തിന്റെ ഭാര്യ സവിത(25)യെ ഇനി പിടികിട്ടാനുണ്ട്. മറ്റക്കര മുണ്ടയ്ക്കൽ ജിബിൻ വർഗീസിന്റെ പരാതിയിലാണ് അറസ്റ്റ്. ഇക്വഡോറിൽ റസ്റ്ററന്റിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇക്വഡോറിൽ ജോലി ചെയ്ത ശേഷം കാനഡ വഴി അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്നായിരുന്നു വാഗ്ദാനം.
ഇക്വഡോറിൽ നാൽപതിനായിരം രൂപ ശന്പളത്തിന് ജോലി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പരാതിക്കാരനായ ജിബിൻ എറണാകുളത്ത് ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്പോഴാണ് രഞ്ജിത്തുമായി പരിചയപ്പെട്ടത്. ഇവർ ഇക്വഡോറിലേക്ക് ജോലിക്ക് ആളെ അയയ്ക്കുന്ന ഏജൻസിയാണെന്നു പരിചയപ്പെടുത്തിയാണ് ഇടപാട് നടത്തിയത്.
2016 നവംബർ 24ന് അയർക്കുന്നത്ത് ബാങ്കിൽ രഞ്ജിത്തിന്റെ അക്കൗണ്ടിലേക്കാണ് എട്ടു ലക്ഷം രൂപ നിക്ഷേപിച്ചത്. സാന്പത്തിക ശേഷിയില്ലാതിരുന്ന ജിബിന്റെ കുടുംബം വീടും പറന്പും ബാങ്കിൽ പണയപ്പെടുത്തിയാണ് പണം കണ്ടെത്തിയത്. ഇക്വഡോറിലേക്ക് കൊണ്ടുപോയെങ്കിലും ജോലി ലഭിച്ചില്ല.
തുടർന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും പണം തിരികെ നല്‍കാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നല്‍കിയത്. ആതിരപ്പള്ളി, പെരുന്പാവൂർ എന്നീ സ്റ്റേഷനുകളിലും സമാനമായ പരാതികൾ എത്തിയിട്ടുണ്ട്. അയർക്കുന്നം എസ്ഐ അനിൽകുമാർ, എഎസ്ഐ അനിൽകുമാർ, സീനിയർ സിപിഒ രാജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.