വൈപ്പിൻ: ഗൾഫ്നാടുകളിൽ ഓയിൽ റിഗിൽ ഉയർന്ന ശന്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയതിനെത്തുടർന്ന് പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ റിക്രൂട്ടിംഗ് സ്ഥാപന ഉടമക്കെതിരേ ഞാറക്കൽ പോലീസ് വീണ്ടും വഞ്ചനാക്കുറ്റത്തിനു കേസെടുത്തു.
പുതുവൈപ്പിൽ വീട് കേന്ദ്രീകരിച്ച് റീറ്റ മാനേജ്മെന്റ് എന്ന റിക്രൂട്ടിംഗ് സ്ഥാപനം നടത്തി വന്നിരുന്ന പുതുവൈപ്പ് കളത്തറ അനിൽകുമാറിന്(52) എതിരേയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയം സ്വദേശി നൽകിയ പരാതിയിലാണ് പുതിയ കേസ്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇയാളിൽ നിന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. പലകുറി പണം തിരികെ ചോദിച്ചിട്ടും നൽകാതെ വന്നപ്പോഴാണ് പരാതി നൽകിയതത്രേ. നേരത്തെ 27 ലക്ഷം തട്ടിച്ചുവെന്നാരോപിച്ച് തട്ടിപ്പിനിരയായ നാലുപേർ നൽകിയ പരാതിയിൽ സെപ്റ്റംബർ അവസാനത്തോടെ ഇയാളെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് റിമാൻഡിൽ ആയിരുന്ന പ്രതി കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇതിനിടിയിലാണ് വീണ്ടും പുതിയ കേസ് തലപൊക്കിയിരിക്കുന്നത്.