സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റുണ്ടാക്കി വൻ തൊഴിൽ തട്ടിപ്പ് നടത്തിയ അഞ്ചു പേരെ ഡൽഹി പോലീസിന്റെ സൈബർ സെൽ കുടുക്കി.
ഒരു മാസത്തില്‍ 2700ൽ അധികം ആളുകളെ കബളിപ്പിച്ച് 1.09 കോടി രൂപയോളം തട്ടിയെടുത്ത സംഘത്തെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് മൂന്ന് ലാപ്ടോപ്പുകളും ഏഴ് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. 49 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റുണ്ടാക്കി 13,000ത്തോളം തൊഴിൽ അവസരങ്ങൾ വാഗ്ദാനം നൽകിയാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് സൈബർ സെൽ ഡിസിപി അന്വേഷ് റോയ് പറഞ്ഞു.
സർക്കാർ-സ്വകാര്യ ഏജൻസികൾക്കായി ഓണ്‍ലൈൻ റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്തുന്ന ഒരു കേന്ദ്രം തട്ടിപ്പിന്റെ സൂത്രധാരൻമാർ നിയമപരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന തൊഴിൽ അന്വേഷകരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്.
അക്കൗണ്ടന്റുമാർ, ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ, നഴ്സ്, ആംബുലൻസ് ഡ്രൈവർ തുടങ്ങിയ തസ്തികളിലേക്ക് 13,000 ത്തോളം ഒഴിവുകളിലേക്കാണ് രണ്ട് വ്യാജ വെബ്സൈറ്റുകളിലൂടെ രജിസ്ട്രേഷൻ ഫീസ് സ്വരൂപിച്ചത്.
ഈ സൈറ്റുകളുടെ ലിങ്കുകൾ ചേർത്ത് 15 ലക്ഷത്തോളം പേർക്ക് സംഘം എസ്എംഎസുകൾ അയച്ചിരുന്നതായും ഡൽഹി പൊലീസ് പറഞ്ഞു.
യഥാർഥമാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു വ്യാജ വെബ്സൈറ്റുകളുടെ രൂപകൽപന. ആരോഗ്യ കുടുംബ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നതാണ് ഈ സൈറ്റുകളെന്നും അവകാശപ്പെട്ടിരുന്നു.
500 രൂപ രജിസ്ട്രേഷൻ ഫീസായി അടച്ച ഒരു തൊഴിൽ അന്വേഷകൻ തുടർ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം പൊലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെടുന്നത്.
100 മുതൽ 500 രൂപ വരെയാണ് സംഘം രജിസ്ട്രേഷൻ ഫീസായി വാങ്ങിയിരുന്നത്. വലിയ തുകയല്ലാത്തതിനാൽ ആളുകൾ പോലീസിനെ സമീപിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു സംഘാംഗങ്ങൾ.
ഹരിയാനയിലെ ഹിസാർ ജില്ലയിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് ആളുകൾ രജിസ്ട്രേഷൻ ഫീസായി നൽകുന്ന തുക എത്തിയിരുന്നത്.
അതത് ദിവസം വന്നുചേരുന്ന പണം അന്നുതന്നെ പിൻവലിക്കുന്നതായിരുന്നു തട്ടിപ്പുകാരുടെ രീതി. ഇങ്ങനെ ഒരു എടിഎം കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതികളെ പിടികൂടാനായതെന്ന് പോലീസ് വ്യക്തമാക്കി.