കോഴിക്കോട്: മുക്കത്ത് വിവിധ ഭാഗങ്ങളിലായി മൃതദേഹഅവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഗുഡ്സർവീസ് എൻട്രിയും 20,000 രൂപവീതവും പ്രഖ്യാപിച്ചപ്പോൾ ഇതിലും പ്രമാദമായ കൂടത്തായf കൊലപാതക പരന്പര കേസ് അന്വേഷിച്ച പത്തംഗസംഘത്തിന് കിട്ടിയത് വെറും ഗുഡ്സർവീസ് എൻട്രിമാത്രമെന്ന് ആക്ഷേപം.
രണ്ടര വർഷം മുൻപ് നടന്ന കൊലപാതകം അന്വേഷിച്ച് പ്രതിയെപിടികൂടിയ ക്രൈംബ്രാഞ്ച് സംഘത്തിന് വൻ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചപ്പോൾ 17 വർഷം മുൻപ് നടന്നതടക്കം ആറ് കൊലപാതകങ്ങളുടെ ചുരുളഴിച്ച കൂടത്തായി സംഘത്തെ സർക്കാർ തഴഞ്ഞതായി പരാതി ഉയർന്നു.
മുക്കം കേസ് അന്വേഷിച്ച് 11 അംഗ ക്രൈം ബ്രാഞ്ച് സംഘത്തിന് ഗുഡ് സര്‍വീസ് എന്‍ട്രിയും സര്‍ക്കാരിന്റെ വകയും പതിനായിരം രൂപവീതവും ഡിജിപി എന്നനിലയില്‍ തന്റെ വക പതിനായിരം രൂപ വീതവും നല്‍കുമെന്ന് ക്രൈംബ്രാഞ്ച് ഡിജിപി ടോമിൻ ജെ. തച്ചങ്കരി ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
അതേസമയം ശൂന്യതയിൽനിന്നാണ് കൂടത്തായ് കേസിലെ പ്രതികളെ പുറത്തുകൊണ്ടുവന്നതെന്ന് അന്വേഷണസംഘം പറയുന്നു. രണ്ടരമാസക്കാലം അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ പോലീസുകാർക്ക് ആയിരക്കണക്കിന് രൂപ സ്വന്തം കൈയിൽനിന്ന് ചെലവായിട്ടുണ്ട്.
അന്വേഷണ സംഘത്തലവനായ കോഴിക്കോട് റൂറൽ എസ്പി, സംഘാംഗങ്ങൾക്ക് ഗുഡ്സ് സർവീസ് എൻട്രി പ്രഖ്യാപിച്ചതിനുശേഷം സംസ്ഥാനപോലീസ് മേധാവിയും പത്തംഗ സംഘത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. സംഘതലവനായ കെ.ജി സൈമണ്‍ കമൻഡേഷൻ സർട്ടിഫിക്കറ്റും മറ്റുള്ളവർക്ക് മെറിട്ടോറിയസ് സർവീസ് എൻട്രിയുമാണ് പ്രഖ്യാപിച്ചത്.എന്നാൽ ഒരു വിഭാഗത്തിന് റിവാർഡ് നൽകുകയും നിഗൂഡതകൾ നിറഞ്ഞ കൂടത്തായി കേസ് തെളിയിച്ചവരെ റിവാർഡിൽനിന്ന് ഒഴിവാക്കുകയും ചെയ്തത് ഇരട്ടത്താപ്പായാണ് അന്വേഷണസംഘം കാണുന്നത്.
പൊതുജനമോ മാധ്യമങ്ങളോ അറിയാതെ രണ്ടു മാസക്കാലം രഹസ്യാന്വേഷണം നടത്തിയ കോഴിക്കോട് റൂറൽ എസ്പി കെ.ജി സൈമൺ, എഎസ്പി ടി.കെ സുബ്രഹ്മണ്യൻ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസ് ,ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജീവൻ ജോർജ്, എഎസ്ഐമാരായ പത്മകമാർ ,രവി, യൂസഫ്, സൈബർസെൽ എഎസ്ഐ പി.കെ സത്യൻ , കൺട്രോൾറൂം എഎസ്ഐ മോഹനകൃഷ്ണൻ, പയ്യോളി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എം.പി. ശ്യാം എന്നിവർക്കാണ് കൂടത്തായി കേസിൽ റിവാർഡ് പ്രഖ്യാപിച്ചത്.