കോഴിക്കോട്: പൊന്നാമറ്റത്ത് ആദ്യം മരിച്ച അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി കലര്‍ന്ന ഭക്ഷണം നല്‍കിയതിനെ തുടര്‍ന്നെന്ന് ജോളിയുടെ മൊഴി. സയനൈഡ് നല്‍കിയാണെന്നായിരുന്നു ജോളി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ കസ്റ്റഡിയില്‍ ലഭിച്ചതിന് ശേഷം വീണ്ടും നടത്തിയ ചോദ്യം ചെയ്യലിലാണ് അന്നമ്മയ്ക്ക് സയനൈഡ് നല്‍കിയിട്ടില്ലെന്നും കീടനാശിനിയാണ് നല്‍കിയതെന്നും ജോളി മൊഴിനല്‍കിയത്. അതേസമയം ഇക്കാര്യം അന്വേഷണസംഘം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാല്‍ സാഹചര്യതെളിവുകള്‍ ജോളിയുടെ മൊഴിയുമായി ബന്ധപ്പെടുന്നതാണ്.
2002 ല്‍ ഓഗസ്റ്റ് 22 നാണ് അന്നമ്മ കുഴഞ്ഞു വീണ് മരിച്ചത്. പാലാ സെന്റ് തോമസ് സ്കൂളിൽ അധ്യാപികയായി ജോലി ലഭിച്ചെന്ന് പൊന്നാമറ്റം കുടംബത്തെ വിശ്വസിപ്പിച്ച ജോളി ഐങ്കൊമ്പിലുള്ള ടോം തോമസിന്റെ അടുത്തബന്ധുവിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
അന്നമ്മയുടെ മരണത്തിന് തൊട്ടുമുമ്പാണ് ജോളി പാലായില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയത്. കീടനാശിനി ഇവിടെ നിന്ന് സംഘടിപ്പിച്ച ശേഷമാണ് നാട്ടിലേക്ക് വന്നതെന്നും പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് അന്വേഷണസംഘം കരുതുന്നത്. അന്നമ്മ മരിയ്ക്കുന്നതിന് മൂന്നാഴ്ച മുമ്പും ജോളി പാലായിൽനിന്ന് വീട്ടിലെത്തിയിരുന്നു. ആ സമയത്തും അന്നമ്മ കുഴഞ്ഞു വീണിരുന്നു.
ആദ്യം നാട്ടില്‍ എത്തിയപ്പോള്‍ അന്നമ്മയ്ക്ക് കീടനാശിനി നല്കി. എന്നാല്‍ കുഴഞ്ഞ് വീണ ഉടന്‍ ആദ്യം എത്തിച്ച ഓമശേരി ആശുപത്രിയിൽ നിന്ന് ഉടൻതന്നെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനാൽ അന്നമ്മ രക്ഷപ്പെടുകയായിരുന്നു. ആദ്യ സംഭവത്തിനുശേഷം ജോളി വീണ്ടും പാലായിലേക്ക് തന്നെ പോയി. കീടനാശിനിയുടെ ബാക്കി വീട്ടില്‍ സൂക്ഷിക്കാതെ ബാഗില്‍ തന്നെ സൂക്ഷിക്കുകയും പിന്നീട് മൂന്നാഴ്ചയ്ക്ക് ശേഷം പൊന്നാമറ്റത്തെത്തിയപ്പോള് അന്നമ്മയ്ക്ക് നല്കിയ ആട്ടിന്‍സൂപ്പില്‍ കലര്ത്തുകയുമായിരുന്നുവെന്നാണ് നിഗമനം.
അതേസമയം ജ്യോത്സ്യന്റെ സമീപത്തു നിന്നും എന്തെങ്കിലും ഇക്കാലഘട്ടത്തില്‍ ജോളി വാങ്ങിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ പാലായില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയേക്കും. കട്ടപ്പനയില്‍ നിന്നുള്ള ചിലരില്‍ നിന്നും പാലായിലുള്ളവരില് നിന്നും പോലീസ് ഇതിനകം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.