കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിക്കെതിരെ നിര്‍ണായ മൊഴികള്‍ വെളിപ്പെടുത്തി ജോളിയുടെ മക്കള്‍ . റോയ് തോമസ്- ജോളി ദമ്പതികളുടെ മക്കളായ റെമോ,റൊണാള്‍ഡ് എന്നിവരാണ് ജോളിക്കെതിരെ മൊഴികള്‍ നല്‍കിയത്. ജോളി പതിവായി രാത്രി വൈകി ഫോണ്‍ ചെയ്യാറുണ്ടായിരുന്നുവെന്നും പലരും പലപ്പോഴായി വീട്ടില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും മക്കള്‍ അന്വേഷണസംഘം മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.
ജോളിയെ കാണാനായി പതിവായി എത്താറുള്ളവരുടെ പേര് സഹിതമാണ് രണ്ടുമക്കളും അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കിയത്. കൂടാതെ എന്‍ഐടിയില്‍ പ്രഫസറാണെന്ന് പറഞ്ഞ് ജോളി വീട്ടില്‍ നിന്നിറങ്ങിയിരുന്നതെന്നും മക്കള്‍ മൊഴി നല്കി. മക്കളുടെ മൊഴി കുറ്റപത്രത്തിലെ പ്രധാനപ്പെട്ട തെളിവായി രേഖപ്പെടുത്താനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. ജോളിയുടെ വഴിവിട്ട ജീവതത്തെ കുറിച്ച് മക്കള്‍ക്ക് അറിയാമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ മൊഴികള്‍ .
റോജോയ്ക്കും റെഞ്ചിക്കുമൊപ്പം ഇന്നലെ വടകര എസ്പി ഓഫീസിലെത്തിയതായിരുന്നു മക്കള്‍ . ഇവരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര് .ഹരിദാസ് പയ്യോളിയിലെ ഓഫീസിലെത്തിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. കൂടത്തായി പൊന്നാമറ്റത്തെ ആറുകൊലപാതകങ്ങളിലും ജോളിയുടെ പങ്കുണ്ടെന്ന് നേരത്തെ തന്നെ സംശയിച്ചിരുന്നതായി റോജോയും മൊഴി നല്‍കിയിട്ടുണ്ട്.
അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് കട്ടപ്പനയിലെ ജോല്സ്യനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജോളി പാലാ സെന്റ് തോമസ് സ്കൂളില്‍ അധ്യാപികയായി 2002ല്‍ ഒരുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്നെന്ന വിവരത്തെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘം പാലായിലെത്തി തെളിവെടുത്തു.
സ്കൂളിലും, ജോളി താമസിച്ചിരുന്ന ബന്ധുവിന്റെ വീട്ടിലുമാണ് തെളിവെടുത്തത്. അങ്ങനെയൊരാള്‍ പഠിപ്പിച്ചിട്ടില്ല എന്നാണ് സ്കൂളധികൃതരുടെ മൊഴി. ഒരു വര്‍ഷക്കാലം ജോളി പാലായില്‍ എന്തുചെയ്യുകയായിരുന്നെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഇവിടെ എത്തിയത്.
സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ഐഎസ്ടി സെല്‍ എസ്പി ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം താമരശേരിയിലെ ദന്താശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിനു പുറമേ വ്യാജ ഒസ്യത്ത് തയാറാക്കിയതുമായി ബന്ധപ്പെട്ട് ഇന്നലെ നാല് റവന്യൂഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി.
കൂടത്തായി വില്ലേജ് ഓഫീസില്‍ വ്യാജ ഒസ്യത്തുണ്ടാക്കിയ കാലത്ത് ജോലി ചെയ്തവരുടെ മൊഴിയാണ്ഡപ്യൂട്ടി കളക്ടര്‍ സി.ബിജു രേഖപ്പെടുത്തിയത്. വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതില്‍ സഹായിച്ച തഹസില്‍ദാര്‍ ജയശ്രീയില്‍ നിന്ന് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മറ്റുള്ള റവന്യൂ ഉദ്യോഗസ്ഥരോട് കൂടി ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.