കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരകേസില് മുഖ്യപ്രതിജോളിയുടെ വക്കാലത്തില്‍ നിന്നും അഭിഭാഷകൻ ആളൂര്‍ ഔട്ട്. താമരശേരിബാറിലെ അഭിഭാഷകനായ കെ.ഹൈദറായിരിക്കും ജോളിക്കായി ഹാജരാകുക. കോടതിയാണ് ജോളിക്ക് സൗജന്യ നിയമസഹായം അനുവദിച്ചത്.
മുഖ്യപ്രതി ജോളിയെ തെറ്റിദ്ധരിപ്പിച്ച് വക്കാലത്ത് ഏറ്റെടുത്ത വിഷയത്തില്‍ ബി.എസ്. ആളൂരിനെതിരെ താമരശേരി ബാര്‍ അസോസിയേഷന് രംഗത്തെത്തിയിരുന്നു. സൗജന്യനിയമസഹായം നല്‍കുമെന്ന് പറഞ്ഞാണ് ആളൂര്‍ തന്നെകൊണ്ട് വക്കാലത്തില്‍ ഒപ്പിടുവിച്ചതെന്നും സൗമ്യവധകേസിലെ പ്രതി ഗോവിന്ദച്ചാമിക്കായി വാദിച്ച ആളൂരിനെ അഭിഭാഷകനായി ആവശ്യമില്ലെന്നും വെള്ളിയാഴ്ച താമരശേരി കോടതിയിലെത്തിയ ജോളി പ്രതികരിച്ചിരുന്നു.
സൗജന്യനിയമസഹായം ആവശ്യമെങ്കില്‍ താമരശേരി ബാറില്‍ അതിനുള്ള പാനലുണ്ട്. പാനലില്‍നിന്ന് അഭിഭാഷകനെ വിട്ടുനല്‍കാമെന്നിരിക്കെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് കേസ് തട്ടിയെടുക്കാന്‍ ആളൂര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് താമരശേരി ബാര്‍ അസോസിയേഷന് പ്രതിനിധികള്‍ ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്.
തുടര്‍ന്നാണ് താമരശേരി കോടതി ജോളിക്ക് അഭിഭാഷകനെ ഏർപ്പെടുത്തിയത്. ഗോവിന്ദചാമിയടക്കം കുപ്രസിദ്ധ ക്രിമിനലുകൾക്കായി ഹാജരായ ആളൂർ കൂടത്തായി കേസിൽ പ്രതിയുടെ അഭിഭാഷകനായി എത്തിയാൽ കോടതിപരിസരത്ത് ജനരോഷമുണ്ടാണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു..