മുക്കം: കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ മരണമായ മാത്യു മഞ്ചാടിയിലിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാനപ്രതി ജോളി ജോസഫ് നൽകിയ മൊഴി കള്ളമെന്ന് മാത്യു മഞ്ചാടിയിലിന്റെ സുഹൃത്ത് സബാൻ. മാത്യുവിനൊപ്പം മദ്യപിച്ചിരുന്നുവെന്ന ജോളിയുടെ മൊഴി കള്ളമാണെന്നും സബാൻ പറഞ്ഞു.
ജോളിക്ക് മാത്യുവിനോട് വിദ്വേഷമുണ്ടായിരുന്നു. മാത്യുവിന് ഇക്കാര്യം അറിയാമായിരുന്നു. പൊന്നാമറ്റം കുടുംബത്തിലെ മൂന്നുപേർ മരിച്ചതിൽ മാത്യുവിന് സംശയമുണ്ടായിരുന്നു. അതിനാൽ മാത്യു ജോളിക്കൊപ്പം മദ്യപിക്കാറില്ലായിരുന്നു.
മാത്യു മരിച്ചത് രക്തം ഛർദിച്ചല്ലന്നും മരിക്കുമ്പോൾ മാത്യുവിന്റെ വായിൽ നിന്ന് നുരയും പതയും വന്നിരുന്നു എന്ന് സബാൻ പറഞ്ഞു. റോയിയുടെ മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനെ ജോളി ആശുപത്രിയിൽ വച്ച് തന്നെ എതിർത്തിരുന്നു.
എന്നാൽ റോയിയുടെ മരണത്തിൽ മാത്യു സംശയം ഉന്നയിക്കുകയും പോസ്റ്റ്മോർട്ടം നടത്തണമെന്ന് നിർബന്ധിക്കുകയുമായിരുന്നു. റോയിയുടെ മരണം സയനൈഡ് അകത്തു ചെന്നത് മൂലമാണെന്ന് അറിഞ്ഞതോടെ മാത്യുവിന്റെ സംശയം ബലപ്പെട്ടു.
ഇതാണ് മാത്യുവിനെ കൊല്ലാൻ ജോളിയെ പ്രേരിപ്പിച്ചതെന്നും സംശയം ഉള്ളതിനാൽ ജോളിക്കൊപ്പം മാത്യു ഒരിക്കലും മദ്യപിക്കില്ലെന്നും റോയിയുടെ മരണം എല്ലാവരെയും വിളിച്ചറിയിച്ചത് ജോളിയാണെന്നും സബാൻ പറഞ്ഞു.