കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെ സംസ്കാര ചടങ്ങുകളില്‍ നിറസാന്നിധ്യമായി ജോളി. ചടങ്ങുകള്‍ക്ക് വേണ്ട ഒരുക്കങ്ങളെല്ലാം തകൃതിയാnയി നടത്തിയത് ജോളിയായിരുന്നു.
കൂടാതെ സിലിയുടെ മരണവിവരം ബന്ധുക്കളേയും മറ്റും അറിയിക്കുന്നതില്‍ മുന്‍കൈ എടുത്തതും ജോളിയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതെല്ലാം ഷാജുവിനെ വലയിലാക്കാനുള്ള ആസൂത്രിത നീക്കമായിട്ടാണ് അന്വേഷണസംഘം കരുതുന്നത്.
കുടുംബാംഗങ്ങളെല്ലാം അന്ത്യചുംബനം നൽകിയശേഷം ഏറ്റവുമൊടുവിൽ അന്ത്യചുംബനം നൽകുക മരിച്ചയാളുടെ ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കും. സിലിയുടെ കാര്യത്തിൽ ഭർത്താവ് ഷാജുവാണ് അവസാനം ചുംബനം നൽകിയത്.സിലിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി വച്ചപ്പോള്‍ ജോളി അവിടെ തന്നെയുണ്ടായിരുന്നു. സംസ്കാര ചടങ്ങിന് തൊട്ടുമുമ്പേ എല്ലാവരും അന്ത്യചുംബനം നൽകിതീരും വരെ ജോളി കാത്തിരുന്നു.
ഷാജു മൃതദേഹത്തില്‍ അന്ത്യചുംബനം നല്കുമ്പോള് തന്ത്രപൂർവം ജോളിയും മറുഭാഗത്തെത്തി അന്ത്യചുംബനം നല്കി. ഇതിന്റെ ഫോട്ടോയും ജോളി സൂക്ഷിച്ചുവച്ചിരുന്നു. അധ്യാപകനായ ഷാജുവിനെ സ്വന്തമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
സിലിയുടെ മരണവേളയിൽ ഒരു ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ രീതിയിൽ എല്ലാകാര്യങ്ങളും ഓടിനടന്നുചെയ്ത ജോളി സകലരുടെയും ശ്രദ്ധപിടിച്ചുപറ്റിയതായി റോയ് തോമസിന്റെ സഹോദരി റെഞ്ചി ഓർക്കുന്നു. ഒരു വർഷത്തിനകം ജോളി ഷാജുവിനെ വിവാഹം ചെയ്യാൻ സാധ്യതയുണ്ടെന്ന് താൻ അമേരിക്കയിലുള്ള സഹോദരൻ റോജോയെ അന്ന് അറിയിച്ചതും റെഞ്ചി ഓർമിക്കുന്നു.
അന്ത്യചുംബനം നൽകി സിലിയെ യാത്രയാക്കി ഒരുവർഷത്തിവനുശേഷം ജോളിയും ഷാജുവും പുനഃർവിവാഹിതരായി. സിലിയുടെ ഒന്നാം ചരമവാർഷികം കഴിഞ്ഞാലുടൻ താനും ഷാജുവും ഒരുമിക്കുമെന്ന് ജോളി പലരോടും പറഞ്ഞിരുന്നു.