കോഴിക്കോട്: പൊന്നാമറ്റത്ത് ആദ്യം മരിച്ച അന്നമ്മ ടീച്ചറെ കൊലപ്പെടുത്താന്‍ ആട്ടിന്‍സൂപ്പില്‍ തലേദിവസം തന്നെ കീടനാശിനി കലര്‍ത്തി സൂക്ഷിച്ചിരുന്നതായി ജോളിയുടെ കുറ്റസമ്മതം. അന്നമ്മയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ കീടനാശിനി ഉപയോഗിക്കാമെന്ന് ഉറപ്പിച്ചിരുന്നു.
കര്‍ഷക കുടുംബത്തില്‍ ജനിച്ചതിനാല്‍ കീടനാശിനിയുടെ ഉപയോഗവും അതിന്റെ വീര്യവുമെല്ലാം അറിയാമായിരുന്നുവെന്നും അതിനാലാണ് കീടനാശിനി ആട്ടിന്‍സൂപ്പില്‍ കലര്‍ത്തിയതെന്നും ജോളി അന്വേഷണസംഘത്തിന് മുമ്പാകെ ഏറ്റുപറഞ്ഞു.
സയനൈഡിനെ കുറിച്ച് അന്ന് കേട്ടറിവുണ്ടെന്നല്ലാതെ എങ്ങനെ ലഭിക്കുമെന്നതിനെകുറിച്ച് അറിയില്ലായിരുന്നു. പിന്നീട് പത്രവാർത്തകളിൽ നിന്ന് സയനൈഡിന്റെ ഉപയോഗം മനസിലാക്കി. ഇന്റർനെറ്റിൽ സെർച്ച് ചെയ്താണ് കൂടുതൽ വിവരം ശേഖരിച്ചത്.
അത് ലഭിക്കാൻ പ്രയാസമായതിനാൽ ജ്വല്ലറി ജീവനക്കാരനായ ബന്ധു എം.എസ്. മാത്യുവിനെ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. അതിനുവേണ്ടി മാത്യുവുമായി കൂടുതൽ അടുത്തു. പല ദിവസവും മാത്യു തന്നെ കാണാൻ വീട്ടിൽ വരുമായിരുന്നു.
മാത്യുവുമായുള്ള ബന്ധം പിന്നീട് സയനൈഡ് ലഭിക്കുന്നതിന് എളുപ്പമായെന്നും ജോളി അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്കി. കുറച്ച് സയനൈഡ് സംഘടിപ്പിച്ച് തരാമോ എന്ന് മാത്യുവിനോട് ഒരുദിവസം രാത്രി ചോദിച്ചപ്പോൾ തീർച്ചയായും തരാമെന്ന് മറുപടി ലഭിച്ചതായും ജോളി മൊഴിനൽകി.
അന്നമ്മ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം ജോളിയെ വരും ദിവസം അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങും. പേരാമ്പ്ര സിഐ കെ.കെ.ബിജുവാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം റോയ് തോമസ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ജോളിയെ ചോദ്യം ചെയ്തപ്പോള്‍ അന്നമ്മയെ കൊലപ്പെടുത്തിയതും സയനൈഡ് നല്‍കിയാണെന്നായിരുന്നു മൊഴി. എന്നാല്‍ തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലിനിടെ ജോളി കുറ്റസമ്മതം നടത്തുകയായിരുന്നു.
2002 ഓഗസ്റ്റ് 22 നാണ് അന്നമ്മ കുഴഞ്ഞു വീണ് മരിച്ചത്. പാലാ ഐങ്കൊമ്പിലുള്ള ടോംതോമസിന്റെ അടുത്തബന്ധുവിന്റെ വീട്ടിലായിരുന്നു അക്കാലത്ത് ജോളി താമസിച്ചിരുന്നത്. അന്നമ്മയുടെ മരണത്തിന് തൊട്ടുമുമ്പാണ് ജോളി പാലായില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയത്.
കീടനാശിനി ഇവിടെ നിന്ന് സംഘടിപ്പിച്ച ശേഷമാണ് നാട്ടിലേക്ക് വന്നതെന്നും പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് അന്വേഷണസംഘം കരുതുന്നത്. അന്നമ്മ മരിക്കുന്നതിന് മൂന്നാഴ്ച മുമ്പും ജോളി വീട്ടിലുണ്ടായിരുന്നു. ആ സമയത്തും അന്നമ്മ കുഴഞ്ഞു വീണിരുന്നു.
ജോളി പാലായില്‍ നിന്നായിരുന്നു ആ സമയത്തും നാട്ടിലെത്തിയിരുന്നത്.അന്നും ആട്ടിൻസൂപ്പിൽ കീടനാശിനി ചേർത്തെങ്കിലും അളവ് കുറവായതിനാൽ അന്നമ്മ രക്ഷപെടുകയായിരുന്നു.
രണ്ടാം തവണ കൂടുതൽ കീടനാശിനി ചേർത്തു. മണം അറിയാതിരിക്കാൻ തലേന്ന് ആട്ടിൻസൂപ്പിൽ കീടനാശിനി ഒഴിച്ച് പലതവണ നന്നായി ഇളക്കുകയും ചെയ്തു. സൂപ്പിരുന്ന ചട്ടി പിന്നീട് നശിപ്പിച്ചതായും ജോളി മൊഴി നൽകി. ഹാന്‍ഡ് ബാഗ് ഉപയോഗിച്ചിരുന്ന ജോളി പാലായില്‍ നിന്ന് അന്നമ്മയെ കൊലപ്പെടുത്തുന്നതിനായി കീടനാശിനി സംഘടിപ്പിച്ചു വച്ചിരുന്നു.
ആദ്യം നാട്ടില്‍ എത്തിയപ്പോള്‍ അന്നമ്മയ്ക്ക് കീടനാശിനി നല്കി. എന്നാല്‍ കുഴഞ്ഞ് വീണ ഉടന്‍ ആശുപത്രിയിലെത്തുകയും രക്ഷപ്പെടുകയുമായിരുന്നു. ഈ സംഭവങ്ങള്‍ക്ക് ശേഷം ജോളി വീണ്ടും പാലായിലേക്ക് തന്നെ പോയി. കീടനാശിനിയുടെ ബാക്കി വീട്ടില്‍ സൂക്ഷിക്കാതെ ബാഗില്‍ തന്നെ സൂക്ഷിക്കുകയും പിന്നീട് മൂന്നാഴ്ചയ്ക്ക് ശേഷം പൊന്നാമറ്റത്തെത്തിയപ്പോള് അന്നമ്മയ്ക്ക് നല്കിയ ആട്ടിന്‍സൂപ്പില്‍ കലര്ത്തുകയുമായിരുന്നു.