കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പരയിലെ മുഖ്യപ്രതി ജോളി, രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഒന്നരവയസുകാരി മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയത് വിരലില്‍ സയനൈഡ് പുരട്ടി കുഞ്ഞിന്റെ വായില്‍വച്ച്.
ഷാജുവിന്റെ മൂത്തമകന്റെ ആദ്യകുര്‍ബാന ദിവസമാണ് അതിഥിയായെത്തിയ ജോളി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ വായില്‍ സയനൈഡ് പുരട്ടിയത്. ഒരാഴ്ചമുന്പ് ജോളി നടത്തിയ ഈ വെളിപ്പെടുത്തല്‍ ഉറ്റ ബന്ധുവാണ് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. അറസ്റ്റിനു തൊട്ടുമുന്‍പായിരുന്നു ജോളിയുടെ വെളിപ്പെടുത്തല്‍.
വിരലില്‍തോണ്ടി വായില്‍ വച്ചുകൊടുത്തതിനാല്‍ ഒന്നും തെളിവായി ലഭിക്കില്ലെന്നും പോലീസിന് തന്നെ ഒരുചുക്കും ചെയ്യാന്‍ കഴിയില്ലെന്നും ജോളി ബന്ധുവിനോട് പറഞ്ഞിരുന്നു. എന്നാല്‍ ജോളി ഈ മൊഴി കഴിഞ്ഞദിവസം മാറ്റി. പലതവണയായി നേരത്തെ പറഞ്ഞ മൊഴികളില്‍ ജോളി മാറ്റം വരുത്തുന്നുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.
ഷാജുവിന്റെ മൂത്തമകന് ഏബലിന്റെ ആദ്യകുര്‍ബാന 2014 മേയ് ഒന്നിനായിരുന്നു. കോടഞ്ചേരി സെന്റ് മേരീസ് ദേവാലയത്തിലെ ചടങ്ങുകള്‍ക്കുശേഷം രാവിലെ 11ഒാടെ എല്ലാവരും ഷാജുവിന്റെ പുലിക്കയത്തെ പൊന്നാമറ്റം വീട്ടിലെത്തി.
പ്രാതലിന് അപ്പവും ബീഫ് കറിയും ഉണ്ടായിരുന്നു. എന്നാല്‍ കുഞ്ഞായതിനാല്‍ ആല്ഫൈന് ബ്രഡ് ഇറച്ചിക്കറിയില്‍ മുക്കിയാണ് നല്‍കിയത്. ഷാജുവിന്റെ സഹോദരി ഷീനയാണ് കുഞ്ഞിന് ഭക്ഷണം നല്കിക്കൊണ്ടിരുന്നത്. ഓരോ തവണ ഭക്ഷണം വായില്‍ വാങ്ങി ആല്ഫൈന് വീടിനുള്ളില്‍ ഓടിക്കളിക്കുന്പോഴാണ്, ഇവള്‍ക്ക് ഒന്നുംകൊടുത്തില്ലല്ലോ എന്നു പറഞ്ഞ് ജോളി കുഞ്ഞിനെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.
തുടര്‍ന്ന് വിരലില്‍ പുരട്ടിയ സയനൈഡ് തന്ത്രപൂര്‍വം കുഞ്ഞിന്റെ വായില്‍ തോണ്ടിക്കൊടുക്കുകയായിരുന്നു. നിമിഷമാത്രയില്‍ ആല്ഫൈന് ചുമച്ചുകൊണ്ട് കുഴഞ്ഞുവീണു. ഭക്ഷണം നെറുകയില്‍ കയറിയതാണെന്നു പറഞ്ഞ് കുഞ്ഞിനെ ഓമശേരി ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയടുത്തതും ജോളിതന്നെയാണെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു.
പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ആല്ഫൈന് മൂന്നാം ദിവസം മരിച്ചു.
2016 മേയ് 11ന് ആല്‍ഫൈനിന്റെ അമ്മ സിലിയും ഇതേ വിധത്തില്‍ മരിച്ച് ഒരുവര്‍ഷം കഴിയവെ ജോളിയും ഷാജുവുമായുള്ള പുനര്‍വിവാഹം നടന്നു.