കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനിടെ ജോളി അന്വേഷണസംഘത്തിന് നല്കിയ ഡപ്പിയില്‍ സയനൈഡാണെന്ന് സൂചന. പൊന്നാമറ്റത്തെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ജോളി അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ച വായു ഗുളികയുടെ ചെറിയ ഡപ്പി അന്വേഷണസംഘത്തിന് എടുത്ത് നല്‍കിയത്.
ഈ ഡപ്പിയില്‍ പഞ്ചസാര പോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ള വെളുത്ത പൊടിയുണ്ടായിരുന്നതായി അന്വേഷണഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് സയനൈഡാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനക്കയയ്ക്കും.
റോയ് തോമസിന്റെ മരണത്തിനു ശേഷം കുടുംബത്തിലെ തന്നെ ഷാജുവിനെയാണ് ജോളി പുനര്‍വിവാഹം ചെയ്തത്. എന്നാല്‍ ഷാജുവിനേയും അധ്യാപികയായ മറ്റൊരു യുവതിയേയും കൊല്ലാന്‍ ജോളി പദ്ധതിയിടുകയും ചെയ്തിരുന്നു.
ഇക്കാര്യം കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിലും ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെയാണ് വീട്ടില്‍ നിന്ന് നിര്‍ണായകമായ തെളിവ് അന്വേഷണസംഘത്തിന് ജോളി കൈമാറിയത്. ഷാജുവിനേയും അധ്യാപികയായ യുവതിയേയും കൊലപ്പെടുത്തുന്നതിന് വേണ്ടി കരുതിയ സയനൈഡാണോയെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്.