കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകേസിലെ മുഖ്യപ്രതി ജോളിയുടെ കാറില്‍നിന്ന് സയനൈഡ് എന്ന് സംശയിക്കുന്ന വിഷവസ്തു പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി ഇന്‍സ്പെക്ടര്‍ കെ.ചന്ദ്രമോഹനന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10.30നോടെ നടത്തിയ പരിശോധനയിലാണ് വിഷവസ്തു കണ്ടെടുത്തത്.
കാറിന്റെ ഡ്രൈവിംഗ് സീറ്റിന് ഇടതുവശത്തായി ഡാഷ്ബോര്‍ഡിനു സമീപം നിര്‍മിച്ച രഹസ്യഅറയ്ക്കുള്ളിലെ പേഴ്സില്‍ പ്ളാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞനിലയിലായിരുന്നു വിഷവസ്തു. KL-10-AS-1305 നന്പറിയുള്ള ഹോണ്ട എക്സ് സെന്റ് സലൂണ്‍ നിറത്തിലുള്ള കാറിനൊപ്പം ജോളി ഉപയോഗിച്ചിരുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്ത് വടകര എസ്പി ഓഫീസിലെത്തിച്ചു. വിഷവസ്തുവടങ്ങിയ പേഴ്സടക്കം കാറില്‍നിന്ന് കണ്ടെടുത്ത മുഴുവന്‍ സാധനങ്ങളും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയപ്പോള്‍ ഈ കാര്‍ പൊന്നാമറ്റം വീടിന്റെ പോര്‍ച്ചില്‍നിന്നും തൊട്ടുത്ത വീട്ടുവളപ്പിലേക്ക് മാറ്റിയിട്ടിരുന്നതാണ്. കാറില്‍ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇന്നലെ രാവിലെ ജോളി മൊഴിനല്കിയതോടെയാണ് തുറന്നു പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചത്. ജോളി നല്കിയ താക്കോല്‍ ഉപയോഗിച്ചാണ് പോലീസ് കാര്തുറന്നത്.
ജോളിയാമ്മ ജോസഫിന്റെ പേരില്‍ 2016 ജൂലൈ 16ന് രജിസ്റ്റര്‍ ചെയ്ത കാര്‍ അന്നുമുതല്‍ ജോളിയാണ് ഉപയോഗിക്കുന്നത്. അതേസമയം സിലി കൊല്ലപ്പെടുമ്പോള്‍ ജോളി ഉപയോഗിച്ചിരുന്ന ആള്‍ട്ടോ കാര്‍ പോലീസ് കണ്ടെത്തിയതായി അറിയുന്നു. താമരശേരി ദന്താശുപത്രിയില്‍ കുഴഞ്ഞുവീണ സിലിയെ ഓമശേരിയിലെ ആശുപത്രിയിലെത്തിച്ച ഈ കാര്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. കാറില്‍ സിലിയുടെ സ്രവപരിശോധന നടത്താനാണ് പോലീസ് തീരുമാനം.