കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയ്ക്ക് നാല് മരണങ്ങളില്‍ കൂടി പങ്കുണ്ടെന്ന് സംശയം. കൂടത്തായിയില്‍ മരിച്ച ആറു പേര്‍ക്കു പുറമേയാണ് നാലുപേരുടെ മരണത്തില്‍ കൂടി ബന്ധമുണ്ടെന്ന് സംശയിക്കുന്നത്.
പൊന്നാമറ്റം ടോം തോമസിന്റെ സഹോദരങ്ങളായ അഗസ്റ്റിന് , ഡൊമനിക് എന്നിവരുടെ മക്കളായ വിന്‍സന്റ് ,സുനീഷ്, എന്നിവരും പൊന്നാമറ്റം വീടിന് സമീപത്ത് താമസിക്കുന്ന അമ്പലക്കുന്ന് ഇമ്പിച്ചുണ്ണി, ജോളി സ്ഥിരമായി പോയിരുന്ന ബ്യൂട്ടിപാർലറുമായി ബന്ധമുള്ള ചാത്തമംഗലം സ്വദേശി രാമകൃഷ്ണന്, എന്നിവരാണ് മരിച്ചവര്‍ . ഇവര്‍ക്കെല്ലാം ജോളിയുമായി നേരിട്ട് ബന്ധമുള്ളവരാണ്.
കൊലപാതക പരന്പരയിലെ ആദ്യ മരണമായ പൊന്നാമറ്റം അന്നമ്മ ടീച്ചർ മരിച്ച് ഒരാഴ്ചകള്‍ക്ക് ശേഷമാണ് വിന്‍സന്റിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനീഷ് വാഹനാപകടത്തിലും മരിച്ചു. സംഭവത്തില്‍ സുനീഷിന്റെ മരണം സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇമ്പിച്ചുണ്ണിയ്ക്കു റോയിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതും സംശയം ബലപ്പെടുത്തുന്നതാണ്.
അതേസമയം ആറു പെണ്‍കുട്ടികളെ കൂടി ജോളി കൊലപ്പെടുത്താന്‍ ആസൂത്രിത നീക്കം നടത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ സഹോദരിയുടെ മകളുള്‍പ്പെടെ കുടുംബത്തിലേയും അടുപ്പമുള്ളവരുടേയും ആറ് പെണ്‍കുട്ടികളെ കൊലപ്പെടുത്താനാണ് ശ്രമിച്ചത്.
ഇതില്‍ മൂന്നു പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നതിന് ശ്രമിച്ചതായി ആദ്യഘട്ടത്തില്‍ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഇതിനു പുറമേയാണ് മറ്റുള്ള മൂന്നു പേര് കൂടി സമാനമായ സംഭവമുണ്ടായിരുന്നതായി അന്വേഷണസംഘത്തെ അറിയിച്ചത്. പെണ്‍കുട്ടികളെല്ലാം വായയില്‍ നിന്നെല്ലാം നുരയും പതയുമുള്ളതായി ഇവര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും കാരണം കണ്ടെത്താനായിരുന്നില്ല.