കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹായിച്ച റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള റിപ്പോര്‍ട്ട് പൂഴ്ത്തി. വ്യാജ ഒസ്യത്ത് തയാറാക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ സഹായിച്ചതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്. ഡെപ്യൂട്ടി കളക്ടര്‍ സി. ബിജുവായിരുന്നു വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബവശിവ റാവുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഒക്ടോബര്‍ അവസാന ആഴ്ച തന്നെ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ പരിശോധിക്കുകയും റവന്യു മന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ഒരു മാസം കഴിഞ്ഞിട്ടും റവന്യു ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല. തഹസില്‍ദാര്‍ ജയശ്രീ വാര്യര്‍, കൂടത്തായി മുന്‍വില്ലേജ് ഓഫീസര്‍മാരായ കിഷോർ ഖാന്, മധുസൂധനൻനായര്‍,സുലൈമാന്‍ എന്നിവരില്‍നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു റിപ്പോര്‍ട്ട് തയാറാക്കിയത്.
മേലുദ്യോഗസ്ഥയായ ജയശ്രീയുടെ നിര്‍ദേശാനുസരണമാണ് വ്യാജ ഒസ്യത്താണെന്നറിഞ്ഞിട്ടും നടപടി സ്വീകരിച്ചതെന്നാണ് വില്ലേജ് ഓഫീസര്‍മാർ മൊഴി നല്കിയതത്രെ. കൂടാതെ 2008 ലുണ്ടായിരുന്ന ഒരു വില്ലേജ് അസിസ്റ്റന്റും വ്യാജ ഒസ്യത്ത് തയാറാക്കുന്നതില്‍ സഹായിച്ചുവെന്നും വ്യക്തമായിരുന്നു. രേഖകള്‍ കൃത്യമായി പരിശോധിക്കാതെയാണ് ഉദ്യോഗസ്ഥർ ജോളിക്ക് സഹായകമായ വിധത്തിൽപ്രവര്ത്തിച്ചതെന്നായിരുന്നു വകുപ്പ്തല അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇത് ഗുരുതരവീഴ്ചയാണെന്നും ഡെപ്യൂട്ടി കളക്ടര്‍ സി. ബിജു ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ജില്ലാകളക്ടർ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നത്. പിന്നീട് ഇതുസംബന്ധിച്ച് യാതൊരു നടപടിയും ഉണ്ടാകാതിരുന്നത് പ്രസ്തുത ഉദ്യോഗസ്ഥർ അംഗങ്ങളായ ഭരണപക്ഷ സംഘടന ഇടപെട്ടതുകൊണ്ടാണെന്നു പറയപ്പെടുന്നു.
38.58 സെന്റ് സ്ഥലത്തിനാണ് ജോളിയുടെ പേരില്‍ നികുതിയടച്ചത്. രേഖകള്‍ പരിശോധിക്കാതെ കരമടച്ചതില് കൂടത്തായി വില്ലേജ് ഓഫീസര്‍ക്കും സെക്ഷന്‍ ക്ലാര്‍ക്കിനും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. താമരശേരി ഡെപ്യൂട്ടി കളക്ടറായിരുന്ന ജയശ്രീ എസ്. വാരിയര്‍ ഫോണിലൂടെ കരം സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇക്കാര്യം ജയശ്രീ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.
ഫോണിലൂടെ നിര്‍ദേശം നല്കാൻ മേലുദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെങ്കിലും അതിന്റെ നിജസ്ഥിതി കീഴുദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടതും രേഖാമൂലമുള്ള ഉത്തരവ് പിന്നീട് വാങ്ങേണ്ടതുമാണ്. ഇക്കാര്യങ്ങളില്‍ കൃത്രിമം നടന്നതായി അറിഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാവാത്തത് ഗുരുതര വീഴ്ചയാണെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ നേതാക്കളുടെ സ്വാധീനമുണ്ടെന്നുമാണ് ഡെപ്യൂട്ടി കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
ടോം തോമസിന്റെ യഥാർഥ ഒപ്പുകൾ ശേഖരിച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി വ്യാജ ഒസ്യത്ത് തയാറാക്കിയ സംഭവത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം ഊർജിതം. വ്യാജരേഖ തയാറാക്കിയതുമായി ബന്ധപ്പെട്ട് റവന്യു ഉദ്യോഗസ്ഥര്ക്കെതിരേ നിര്‍ണായക തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനാഫലം കൂടി ലഭിച്ചാല്‍ ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.
ഒസ്യത്തിലെ ഒപ്പും അക്കാലയളവിലുള്ള ടോം തോമസിന്റെ യഥാർഥ ഒപ്പുമാണ് ആവശ്യം. ടോം തോമസ് ജീവിച്ചിരുന്നപ്പോൾ രേഖപ്പെടുത്തിയ യഥാർഥ ഒപ്പുകൾ പോലീസ് പരമാവധിശേഖരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന ടോം തോമസ് താമരശേരി ട്രഷറിയില്‍നിന്ന് പെന്ഷൻ കൈപ്പറ്റിയ വേളയിൽ രേഖപ്പെടുത്തിയ ഒപ്പുകൾ അവിടെനിന്ന് ശേഖരിച്ചിട്ടുണ്ട്. കൂടാതെ അക്കാലത്ത് കൂടത്തായി പള്ളി കമ്മിറ്റിയിലും ടോംതോമസ് അംഗമായിരുന്നു. ഇവിടത്തെ മിനിറ്റ്സ് ബുക്കുകളിലുള്ള ടോം തോമസിന്റെ ഒപ്പുകളും അന്വേഷണസംഘം കണ്ടെത്തി. ഈ തെളിവുകള്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറും.
തഹസില്‍ദാര്‍ ജയശ്രീ വാര്യരുള്‍പ്പെടെയുള്ളവരെ അന്വേഷണസംഘം ഇതിനകം ചോദ്യം ചെയ്തിരുന്നു. ജയശ്രീ വാര്യര്‍ക്കെതിരേ മറ്റുള്ള ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതായും അന്വേഷണസംഘം അറിയിച്ചു.