കോഴിക്കോട്: പൊന്നാമറ്റം കുടംബത്തിലെ അഞ്ചുപേരടക്കം ആറു പേരേയും കൊലപ്പെടുത്തിയത് താനാണെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കുറ്റസമ്മതം. ഡിജിപി ലോക്നാഥ് ബഹ്റ മുമ്പാകെയാണ് ജോളി ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താനായി വടകരയില്‍ എത്തിയതായിരുന്നു അദ്ദേഹം.
ഇന്നലെ രാവിലെ എസ്പി ഓഫീസില്‍ ഡിജിപി എത്തുന്നതിന് മുമ്പേ തന്നെ ജോളിയെ എത്തിച്ചിരുന്നു. അടച്ചിട്ട മുറിയിൽ ഡിജിപിയുടെ ചോദ്യങ്ങള്‍ക്കെല്ലാം ജോളി വ്യക്തമായ ഉത്തരം നല്കി. ഐജി അശോക് യാദവ്, റൂറൽ എസ്പി കെ.ജി.സൈമൺ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യൽ.
കൂടത്തായി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ യോഗവും ഇന്നലെ ഡിജിപി വിളിച്ചു ചേര്‍ത്തിരുന്നു. പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ഡിജിപി നിര്‍ദേശിച്ചു. കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമേ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാവൂ. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അറിയിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.
ആറ് ടീമുകളായി തിരിച്ചുകൊണ്ടാണ് ആറു കൊലപാതങ്ങളും അന്വേഷിക്കുന്നത്. ഓരോ ടീമിലും ഉള്‍പ്പെടുത്തിയ പ്രധാന പോലീസുദ്യോഗസ്ഥര്‍ ഡിജിപി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. കണ്ണൂര്‍ റേഞ്ച് ഐജി അശോക് യാദവും ഡിജിപിക്കൊപ്പമുണ്ടായിരുന്നു. അന്വേഷണത്തിന്റെ പുരോഗതി ഓരോ ദിവസവും എസ്പി ചോദിച്ചറിയണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.
കൂടത്തായി പൊന്നാമറ്റത്തെ വീട്ടില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഡിജിപി വടകര റൂറല്‍ എസ്പിയുടെ ഓഫീസിലെത്തിയത്. അതേസമയം ജോളിയെ അന്വേഷണസംഘം തുടർച്ചയായി ചോദ്യം ചെയ്തു വരികയാണ്.ജോളി നിരന്തരം കോയന്പത്തൂർ സന്ദർശനം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടൻതന്നെ കോയന്പത്തൂരിലേക്ക് പോകും.
ജോളിയുടെ അടുത്ത സുഹൃത്തും കോയന്പത്തൂരിൽ ബിഎസ്എൻഎൽ ജീവനക്കാരനുമായ കോഴിക്കോട് കക്കയം സ്വദേശി വലിയപറന്പിൽ ജോൺസനുമൊത്ത് ജോളി താമസിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. അതിനാലാണ് കോയന്പത്തൂരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. ബിഎസ്എൻഎലിൽ തിരുപ്പൂരിന്റെയും കോയന്പത്തൂരിന്റെയും ചുമതലയുള്ള ജോൺസന്റെ താമസസ്ഥലത്ത് പരിശോധന നടത്തും.
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും ജോൺസന്റെ ഭാര്യയേയും ഇല്ലായ്മചെയ്ത് ജോൺസനെ സ്വന്തമാക്കാൻ ശ്രമിച്ചതായി ജോളി മൊഴിനൽകിയെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇക്കാര്യം പക്ഷെ ജോൺസന് അറിയില്ലെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം ജോളി ഓരോദിവസവും പരസ്പരവിരുദ്ധമായി മൊഴി നൽകുന്നത് അന്വേഷണസംഘത്തെ കുഴയ്ക്കുകയാണ്.
ജോളിയെക്കൂടാതെ കൊലപാതകപരന്പര അറിയുമെന്ന് പോലീസ് സംശയിക്കുന്ന പൊന്നാമറ്റത്തിൽ കുടുംബത്തിലെ ഒരാളെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. വെള്ളിയാഴ്ച ഇദ്ദേഹത്തിന്റെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. സിലിയുടെയും ഷാജുവിന്റെയും പുനഃർവിവാഹം നടത്താൻ ശക്തമായി ഇടപെട്ട ഇയാൾ തുടക്കംമുതലെ സംശയനിഴലിലാണ്.