പയ്യോളി: “കല്ലറ പൊളിക്കുന്നതിന് ചട്ട പ്രകാരം പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യം വേണമായിരുന്നു, അതായിരുന്നു കൂടത്തായി കൊലപാതകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ആദ്യമായി പുറം ലോകം അറിയുന്നതിന് കാരണമായത്. “കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണ വിവരങ്ങള്‍ സംബന്ധിച്ച പിന്നാമ്പുറ കഥകള്‍ പയ്യോളി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഓഫീസില്‍ വെച്ച് മാധ്യമങ്ങളോട് വിവരിക്കുകയായിരുന്നു റൂറല്‍ എസ്.പി കെ.ജി. സൈമണ്‍.
കല്ലറ പൊളിക്കുന്നത് വരെയുള്ള വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായിരുന്നു. ആദ്യ അന്വേഷണ സംഘത്തിലെ പത്തംഗങ്ങ്ള്ക്ക് മാത്രമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടായിരുന്നത്. ഇതില്‍ തന്നെ ആര്‍ക്കും പരസ്പരം കേസ് സംബന്ധമായ കാര്യങ്ങള്‍ പൂര്‍ണ്ണമായും അറിയില്ലായിരുന്നു.
പരാതി ലഭിച്ചപ്പോള്‍ തന്നെ സമാനമായ സയനൈഡ് കേസ് മുന്‍പ് അന്വേഷിച്ചതിന്റെ അനുഭവത്തില്‍ ഗൗരവമായെടുത്ത് ഡിവൈഎസ്പി ആര് . ഹരിദാസിനെ എസ്പി ഓഫീസില്‍ അടിയന്തിരമായി വിളിച്ച് വരുത്തിയാണ് കേസ് സംബന്ധമായ ആദ്യ ചര്‍ച്ച നടത്തിയത്.
റൂറല്‍ എസ്പി പറഞ്ഞു. അപ്പോള്‍ തന്നെ ഒരു ടീമിനെ രൂപീകരിച്ച് അന്വേഷണം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യപ്രതി ജോളിയുടെ എന്‍ഐടിയിലെ പ്രൊഫസര്‍ പദവി സംബന്ധിച്ച വിവരങ്ങള്‍ വ്യാജമാണെന് മനസ്സിലായതോടെയാണ് കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത സംബന്ധിച്ച് ഉറപ്പ് ലഭിക്കുന്നത്.
ജോളിയുടെ സ്വന്തം വീടായ കട്ടപ്പനയില്‍ പോലീസ് സംഘം ഏറെ ദിവസം താമസിച്ച് നടത്തിയ അന്വേഷണവും കേസിന് ഏറെ ഗുണം ചെയ്തു. ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പല വേഷങ്ങള്‍ അണിയേണ്ടി വന്നിട്ടുണ്ട്. ഇന്‍ഷൂറന്‍സ് ഏജന്റ് ആയും ബ്രോക്കര്‍മാരായും പോലീസ് ഉദ്യോഗസ്ഥര്‍ ജോളിയുമായി പലവട്ടം നേരിട്ട് സംസാരിച്ചു.
അന്വേഷണ സംഘത്തിലെ രണ്ട് പോലീസുകാര്‍ക്ക് ഇതിനായി താടി വെക്കാനുള്ള അനുവാദവും നല്‍കിയിരുന്നു. ഇടക്ക് അന്വേഷണം സംബന്ധിച്ച സൂചനകള്‍ മറ്റ് വിധത്തില്‍ ജോളിക്ക് കൈമാറി സ്വഭാവത്തിലെ മാറ്റങ്ങളും മുഖഭാവങ്ങളും പോലീസ് ശേഖരിച്ചു. ഇതിനായി പൊന്നാമറ്റം വീടിന് സമീപത്ത് രഹസ്യക്യാമറകള്‍ സ്ഥാപിച്ചതായി നേരത്തെ വന്ന വാര്‍ത്തകള്‍ ശരി വെക്കുന്ന രീതിയിലാണ് ഇപ്പോള്‍ എസ്പിയുടെ വാക്കുകള്‍ .
അന്വേഷണം വഴി തിരിഞ്ഞു എന്ന് ജോളിയെ തെറ്റിദ്ധരിപ്പിച്ചും മുഖഭാവങ്ങള്‍ പോലീസ് ഒപ്പിയെടുത്തു. ഇത് പോലെ വല മുറുക്കിയും അയച്ചും അന്വേഷണ സംഘം നടത്തിയ നീക്കങ്ങള്‍ ജോളിയെ ഏറെ മാനസിക സംഘര്‍ഷത്തില്‍ എത്തിച്ചിട്ടുണ്ട്. ചില കേസുകളില്‍ പ്രതിയെ മാനസികമായി തളര്‍ത്താനും തെളിവുകള്‍ പ്രതി പോലും അറിയാതെ ശേഖരിക്കാനും ഇത്തരം രീതികള്‍ അവലംബിക്കാറുണ്ട്.
പ്രദേശത്തെ രണ്ട് പ്രമുഖ കുടുംബങ്ങളുടെ കല്ലറ തുറന്ന് പരിശോധന നടത്തുക എന്നതായിരുന്നു പോലീസിനെ സംബന്ധിച്ച ദുഷ്കരമായ പ്രവര്‍ത്തി. ഇതിനായി ഏറെ തയ്യാറെടുപ്പുകള്‍ വേണ്ടി വന്നു. ഡോക്ടര്‍മാര്‍ പൂര്‍ണ്ണമായും സഹകരിച്ചു. എന്നാല്‍ ബന്ധുക്കളുടെ ഭാഗത്ത് നിന്നുണ്ടായ എതിര്‍പ്പ് ശക്തമായിരുന്നു.
പ്രത്യേകിച്ചും മാത്യ മഞ്ചാടിയില്‍ , സിലി എന്നിവരുടെ അടുത്ത ബന്ധുക്കള്‍ തങ്ങളെ നേരിട്ടത് ക്ഷുഭിതരായാണ്. ജോളി അറസ്റ്റിലായപ്പോഴും കുറ്റം സംബന്ധിച്ച കാര്യങ്ങള്‍ പോലീസ് പറഞ്ഞത് വിശ്വസിക്കാന്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ പോലും തയ്യാറായിരുന്നില്ല. ഒടുവില്‍ ജോളിയെ കൊണ്ട് തന്നെ കൃത്യം സംബന്ധിച്ച കാര്യങ്ങള്‍ പോലീസ് നേരിട്ട് പറയിച്ചപ്പോഴാണ് ഇവര്‍ വിശ്വസിക്കാന്‍ തയ്യാറായത്.
രണ്ടാം പ്രതി എംഎസ് മാത്യുവിനെ മാപ്പ് സാക്ഷി ആക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു റൂറല്‍ എസ്പിയും കൂടെ ഉണ്ടായിരുന്ന ഡിവൈഎസ്പി ആര് . ഹരിദാസും ഒരേ സ്വരത്തില്‍ മറുപടി നല്‍കിയത്. ഇയാളെ നേരത്തെ മാപ്പ് സാക്ഷിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം മജിസ്ട്റേറ്റിന് കൊടുത്ത രഹസ്യ മൊഴി പോലീസിന് അനുകൂലമല്ല എന്നതിനാലാണ് മാപ്പ് സാക്ഷി സ്ഥാനത്ത് നിന്ന് എംഎസ് മാത്യുവിനെ മാറ്റുന്നതെന്നാണ് അനൌദ്യോഗിക വിവരം.
അന്വേഷണത്തിന്റെ ആദ്യ നാളുകളില്‍ കേസ് സംബന്ധമായ വാര്‍ത്തകള്‍ വരുന്ന പത്രങ്ങള്‍ വായിക്കാതെയും ചാനല്‍ വാര്‍ത്തകള്‍ കാണാതെയും അന്വേഷണത്തിലെ സങ്കീര്‍ണ്ണതകള്‍ കുറക്കുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു. ചില വാര്‍ത്തകള്‍ തെറ്റായ രീതിയില്‍ വന്നതും അന്വേഷണത്തിന് ഗുണം ചെയ്തു. തന്റെ ഔദ്യോഗിക ജീവിതത്തിലെ അന്പത്തിരണ്ടാമത്തെ കേസാണിത്.
അന്വേഷിച്ച കേസുകളില്‍ രണ്ട് പ്രതികള്‍ വധശിക്ഷ കാത്ത് കഴിയുന്നുണ്ട്. തങ്ങള്‍ക്ക് ഇത് ഒരു ഗെയിം ആണ്. ജയിച്ചേ പറ്റൂ. അതനുസരിച്ചുള്ള കുറ്റപത്രമാണ് സമര്‍പ്പിക്കുക. ആദ്യം സമര്‍പ്പിക്കുക റോയ് തോമസിന്റെ കൊലപാതകം സംബന്ധിച്ച കേസിലേതാണ്. ഈ കേസില്‍ മാത്രമാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും, എസ്പി പറഞ്ഞു.