കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷണം അനിശ്ചിതത്വത്തില്‍. ജോളിയുടെ കൈവശമുണ്ടായിരുന്നത് കേരള യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ എംകോം സര്‍ട്ടിഫിക്കറ്റാണെന്ന് തെളിവുകള്‍ ലഭിച്ചെങ്കിലും തുടരന്വേഷണം നിലച്ചിരിക്കുകയാണ്.
രണ്ടു ദിവസമായി കൂടത്തായി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കേരള യൂണിവേഴ്സിറ്റിയില്‍ നടത്തിയ അന്വേഷണത്തിലാണ് തെളിവുകള്‍ ലഭിച്ചത്. യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്ക് ഇ-മെയില്‍ വഴി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ നല്കാന് അന്വേഷണസംഘം അപേക്ഷ നല്‍കിയിരുന്നു.
ഇപ്രകാരം ലഭിക്കാന്‍ കാലതാമസം നേരിടുമെന്നതിനാല്‍ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര്. ഹരിദാസിന്റെ നിര്‍ദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് യൂണിവേഴ്സിറ്റിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്ട്ടിഫിക്കറ്റാണെന്നതിന് തെളിവ് ലഭിച്ചത്.
ജോളിയുടെ കൈവശമുണ്ടായിരുന്ന എംകോം സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ചാണ് യൂണിവേഴ്സിറ്റി ഇത് വ്യാജമാണെന്ന് കണ്ടെത്തിയത്. സര്‍ട്ടിഫിക്കറ്റിലെ പേര് മറ്റൊരു വ്യക്തിയുടേതാണ്. ഈ പേര് മാറ്റി അവിടെ ജോളിയുടെ പേര് എഴുതിചേര്‍ത്തതിന് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചു.
യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ഉടമയുടെ വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും സര്‍വകലാശാലയില്‍ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. പേര് വിവരം മാത്രമായിരുന്നു രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഈ പേരിലുള്ള വ്യക്തി എവിടെയാണെന്നോ പഠിച്ചത് എവിടെയാണെന്നോ വിലാസം എന്തെന്നോ ഉള്ള വിവരങ്ങളൊന്നും സര്‍വകലാശാലയില്‍ രേഖപ്പെടുത്തിയിട്ടില്ല.
ബിരുദാനന്തര ബിരുദം പോലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാനുള്ള യാതൊരും വിവരങ്ങളും കേരള സർവകലാശാലയിൽ ഇല്ലാത്തത് തുടരന്വേഷണത്തിന് തടസമായിരിക്കയാണ്. ഇതോടെ സര്‍ട്ടിഫിക്കറ്റിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുകയെന്നത് സങ്കീര്‍ണമായി. ഇയാളെ കണ്ടെത്തിയാല്‍ മാത്രമേ ജോളിയുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാവുകയുള്ളൂ. ജോളിയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്കുന്നതില് ഇയാളുടെ പങ്കിനെ കുറിച്ചും ഇതുവഴി കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ ഈ അന്വേഷണമെല്ലാം അനിശ്ചിതത്വത്തിലായി.
കട്ടപ്പനക്കാരിയായ ജോളിക്ക് എതുസാഹചര്യത്തിലാണ് കേരള സര്‍വകലാശാലയില്‍ പഠിക്കേണ്ടി വന്നതെന്ന ചോദ്യമാണ് അന്വേഷണസംഘത്തിന് മുന്നിലുള്ളത്.25 വർഷം മുന്പായതിനാൽ പഴയ രേഖകൾ ഇല്ലെന്നാണ് യൂണിവേഴ്സിറ്റിയുടെ ഭാഷ്യം. അതേ സമയം എംകോം കോഴ്സ് പഠിപ്പിക്കുന്ന കോളജുകളിലും പാരലൽ കോളജുകളിലും അന്വേഷണം നടത്തിയാൽ സർട്ടിഫിക്കറ്റിന്റെ യഥാർഥ ഉടമയെ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.