കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായിലെ മുഖ്യപ്രതി ജോളി കോയമ്പത്തൂരിലെത്തിയത് സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരൻ ജോണ്‍സണെ കാണാനെന്ന് സംശയം . ജോണ്സണ് കോയമ്പത്തൂരിലുളളപ്പോഴാണ് ജോളിയും ഇവിടെ എത്തിയിരുന്നതെന്ന് കോള്ഡീറ്റൈയില് റെക്കോര്‍ഡ് (സിഡിആര്‍) പരിശോധനയില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തി.
കഴിഞ്ഞ ഒരുവർഷത്തിലധികമായി ജോൺസൺ കോയമ്പത്തൂർ ബിഎസ്എൻഎല്ലിലാണ് ജോലി ചെയ്യുന്നത്. ഇക്കാലയളവിലാണ് ജോളി ഇവിടെ എത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ജോണ്‍സണുമായി ജോളി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
പൊന്നാമറ്റം കുടുംബത്തില്‍ മരിച്ചവരുടെ കല്ലറകള്‍ തുറക്കുന്ന ദിവസവും ജോളി ജോണ്‍സണെ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. ഇതേതുടര്‍ന്നായിരുന്നു ജോളിയുടെ അറസ്റ്റിന് തൊട്ടുപിന്നാലെ ജോണ്‍സണേയും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്. ജോൺസനും കുടുംബത്തിനുമൊപ്പം ജോളി നിരവധി തവണ യാത്ര ചെയ്തിരുന്നുവെന്ന് അന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.
ജോളിയുടെ മക്കളും ജോണ്‍സന്റെ മക്കളും ഒരുമിച്ചാണ് പഠിക്കുന്നത്. ഈ സൗഹൃദമാണ് ഇരുവരേയും ഉറ്റസുഹൃത്തുക്കളാക്കിയതെന്നായിരുന്നു മൊഴി. ടോംതോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ വില്‍പ്പത്രം ഉണ്ടാക്കിയതുമായി സംശയത്തിലുള്ള ജോളിയുടെ സുഹൃത്തും തഹസില്‍ദാരുമായ ജയശ്രീയുമായും ജോണ്സണ് പരിചയമുണ്ട്. ജോളി അറസ്റ്റിലായതിന് ശേഷവും ജോണ്‍സണെ ജയശ്രീ ബന്ധപ്പെട്ടിരുന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു.