വൈപ്പിൻ: വയോധികനെ ദൂരൂഹസാഹചര്യത്തിൽ കട്ടിലിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് മുനന്പം പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വാരിയെല്ലുകൾ ഒടിഞ്ഞതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിനുശേഷം നിരീക്ഷണത്തിലായിരുന്ന മകൻ രഞ്ജിത്തിനെ (37) ചോദ്യം ചെയ്തതിനെ തുടർന്നാണ് സത്യം പുറത്തായത്.
ആദ്യം താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് ചോദ്യം ചെയ്യൽ തുടർന്നപ്പോൾ സത്യം പറയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരസ്പരം വഴക്കടിച്ചപ്പോൾ അബദ്ധത്തിൽ ചവിട്ടിയതാണെന്നാണ് പ്രതിയുടെ കുറ്റസമ്മതം. സ്ഥിരം മദ്യപാനികളായ ഇരുവരും തനിയെ താമസിക്കുന്നതിനാലും ബഹളം പതിവായതിനാൽ അയൽവാസികൾ ഗൗനിക്കാതെ വന്നതിനാലും സംഭവത്തിനു ദൃക്സാക്ഷികൾ ഇല്ലാതെ പോയതാണ് പോലീസിനു തലവേദനയായത്.
അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. പള്ളിപ്പുറം ജനതക്ക് കിഴക്ക് ഓടത്തിങ്കൽ ജോളി (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കളമശേരി മെഡിക്കൽ കോളജിൽ പോലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്ത മൃതദേഹം ഇന്നലെ സംസ്കരിച്ചു.