കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ കോടതിയിൽ ഹാജരാക്കിയ ജോളി റോയ് വധക്കേസിലെ പരാതിക്കാരനുമായി സംസാരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി വരും. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കോഴിക്കോട് വനിതാ സെല്ലിലെ നാല് പോലീസുകാർക്കെതിരെയാണ് നടപടി.
സംഭവം അന്വേഷിച്ച റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി റൂറൽ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയുരുന്നു. പോലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് അയച്ചിട്ടുണ്ട്. അടുത്തദിവസം തന്നെ വിഷയത്തിൽ നടപടിക്ക് സാധ്യതയുണ്ട്.
തിങ്കളാഴ്ച താമരശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജോളി ജോസഫ് ഹിലാരിയോസുമായി സംസാരിച്ചത്. വസ്തു തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാനാണ് ഹിലാരിയോസ് കോടതിയിൽ എത്തിയത്. അൽപ്പസമയം ഇരുവരും അടുത്ത് നിന്ന് സംസാരിച്ചു. വനിതാ പോലീസുകാരും ഈ സമയം ഇവർക്കൊപ്പമുണ്ടായിരുന്നു.
റിമാൻഡിൽ കഴിയുന്ന പ്രതിക്ക് പുറമെ മറ്റൊരാളുമായി സംസാരിക്കാൻ നിയമപരമായി അനുവാദമില്ല. ജുഡീഷ്യൽ ഓഫീസറുടെ അനുമതിയോടെ മാത്രമേ പ്രതിക്ക് മറ്റാളുകളുമായി സംസാരിക്കാൻ അവകാശമുള്ളൂ. ഇതിന് വിരുദ്ധമായ കാര്യമാണ് നടന്നിരിക്കുന്നതെന്ന് റൂറൽ എസ്പി കെ.ജി. സൈമൺ പറഞ്ഞു. എസ്പിയുടെ നിർദേശ പ്രകാരമാണ് സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
ജോളിയെ കോടതിയിൽ എത്തിച്ച പോലീസുകാർ സിറ്റി പോലീസ് പരിധിയിലുള്ള വനിതാ സെല്ലിലുള്ളവരാണ്. ഇവർക്കെതിരെ നടപടിയെടുക്കാൻ സിറ്റി പൊലീസ് കമീഷണർക്കാണ് അധികാരം. അതിനാലാണ് റിപ്പോർട്ട് കമ്മീഷണർക്ക് അയച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഹിലാരിയോസിനെ കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ ഹരിദാസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
കോടതിയിൽ കണ്ടപ്പോൾ ജോളി തന്റെ അടുത്തേയ്ക്ക് വന്ന് സംസാരിക്കുകയായിരുന്നു എന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. കുടുംബാംഗങ്ങൾക്ക് എന്താണ് തന്നെക്കുറിച്ച് ഇപ്പോൾ അഭിപ്രായമെന്ന് ജോളി അന്വേഷിച്ചതായും പത്രങ്ങളിൽ വരുന്നത് തന്നെയാണെന്ന് മറുപടി നൽകിയതായും ഹിലാരിയോസ് മൊഴി നൽകിയിട്ടുണ്ട്.
ഇത് പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസും തയാറായിട്ടില്ല. റോയ് കേസിലെ പരാതിക്കാരനായ ഇയാൾ ജോളിക്കൊപ്പം അറസ്റ്റിന് തൊട്ടുമുന്പ് അഭിഭാഷകനെ സമീപിച്ചിരുന്നു. അറസ്റ്റിന് ശേഷം പൊന്നാമറ്റം കുടുംബത്തിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോളിയെ ന്യായീകരിച്ചും മറ്റ് കുടുംബാംഗങ്ങളെ അധിക്ഷേപിച്ചും അയച്ച ശബ്ദസന്ദേശം നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു.
ഇക്കാര്യങ്ങൾ കൂട്ടിവായിക്കുമ്പോൾ കൂടിക്കാഴ്ചയിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടത്തായി കൊലപാതക പരമ്പര കേസിൽ കോടതിയിൽ ഹാജരാക്കിയ ജോളി റോയ് വധക്കേസിലെ പരാതിക്കാരനുമായി സംസാരിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി വരും. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കോഴിക്കോട് വനിതാ സെല്ലിലെ പോലീസുകാർക്കെതിരെയാണ് നടപടി.