ബാബു ചെറിയാൻ
കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പരയിലെ മുഖ്യപ്രതി ജോളി ആറുപേരെയും കൊലപ്പെടുത്തിയത് വിഷപ്രയോഗത്തിലെന്ന് മെഡിക്കൽ ബോർഡിന്റെ ശാസ്ത്രീയ കണ്ടെത്തൽ. കോഴിക്കോട് മെഡിക്കൽ കോളജിലെ ന്യൂറോളജി, ജനറൽ മെഡിസിൻ, ടോക്സിക്കോളജി, ഫോറൻസിക് വിഭാഗത്തിലെ വിദഗ്ധരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ചേർന്ന വിശദമായ മെഡിക്കൽ ബോർഡ് യോഗത്തിലാണ് സ്ഥിരീകരണം.
വിഷബാധ കൈകാര്യം ചെയ്യുന്ന വിഭാഗമായ ടോക്സിക്കോളജിയിലേതടക്കം വകുപ്പുമേധാവികളാണ് യോഗത്തിൽ പങ്കെടുത്തത്. മരിക്കുന്പോൾ ആറുപേരും പ്രകടിപ്പിച്ച ചേഷ്ടകൾ, മരണവെപ്രാളം തുടങ്ങിയ ലക്ഷണങ്ങൾ വിഷബാധയിലേക്കാണ് വിരൽചൂണ്ടുന്നത്. മരിച്ചവരുടെ മുൻ ചികിത്സാറിപ്പോർട്ടുകൾ, കഴിച്ച മരുന്നുകൾ, ആശുപത്രി രേഖകൾ തുടങ്ങി പോലീസിന്റെ കൈവശമുള്ള തെളിവുകളുടെയും മറ്റു സാഹചര്യതെളിവുകളുടെയും പിൻബലത്തിൽ ആറുമരണവും വിഷപ്രപയോഗം മൂലമാണെന്ന് അസന്നിഗ്ധമായി പറയാനാകുമെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി.
സിലി, പിഞ്ചുകുഞ്ഞ് ആൽഫൈൻ എന്നിവർ മരിച്ചത് അപസ്മാര രോഗം മൂലമാണെന്ന ജോളിയുടെയും രണ്ടാം ഭർത്താവ് പൊന്നാമറ്റം ഷാജുവിന്റെയും ഇയാളുടെ പിതാവ് സക്കറിയാസിന്റെയും മൊഴികൾ മെഡിക്കൽ ബോർഡ് തള്ളി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് ആൽഫൈൻ മരിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. എന്നാൽ മരിക്കുന്നതിനുമുൻപ് കുഞ്ഞ് കരഞ്ഞിരുന്നതായി ദൃക്സാക്ഷിമൊഴികളുണ്ട്.
ഭക്ഷണം തൊണ്ടയിൽകുടുങ്ങിയാൽ ശ്വാസതടസം ഉണ്ടാവുമെന്നതിനാൽ ആർക്കും കരയാനാവില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. സയനൈഡ് ഉള്ളിൽചെന്ന് പതിനഞ്ചു മിനിട്ടിനകം കുഞ്ഞ് മരിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെന്ന പേരിൽ രണ്ടുദിവസം വെന്റിലേറ്ററിൽ സൂക്ഷിച്ചത് കുഞ്ഞിന്റെ മൃതദേഹമായിരുന്നെന്നും ഡോക്ടർമാർ നീരീക്ഷിച്ചു.
ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണാവശിഷ്ടം ഒന്നും ഉണ്ടായിരുന്നില്ലെന്ന് ചികിത്സാരേഖകളിലുണ്ട്. 2014 മേയ് ഒന്നിന് സയനൈഡ് ഉള്ളിൽ ചെന്ന ആൽഫൈൻ മൂന്നിന് വെന്റിലേറ്ററിൽ മരിച്ചുവെന്ന ആശുപത്രി ഭാഷ്യം കളവാണെന്നും ടോക്സിക്കോളജി വിദഗ്ധർ അന്വേഷണസംഘത്തോടു പറഞ്ഞു. മേയ് ഒന്നു മുതൽ മൂന്നുവരെ ആശുപത്രിയിലെ വെന്റിലേറ്ററിൽ സൂക്ഷിച്ചത് കുഞ്ഞിന്റെ മൃതദേഹമായിരുന്നു.
സിലിക്ക് അപസ്മാരം വർധിച്ച് മരിച്ചുവെന്ന മൊഴിയും അവിശ്വസനീയമാണെന്ന് ഡോക്ടർമാർ വിലയിരുത്തി. അപസ്മാരം ഉണ്ടായാൽ അഞ്ചോ പത്തോ മിനിട്ടിനകം രോഗി പൂർവസ്ഥിതി പ്രാപിക്കും. മാത്രമല്ല അപസ്മാരം ഉണ്ടായി മരിക്കുകയെന്നത് അപൂർവങ്ങളിൽ അപൂർവമാണ്. തുടർച്ചയായി അപസ്മാരം ഉണ്ടാവുന്നവർ അതുമൂലം മരിക്കാം.
അതും വെറും ഒരുശതമാനം മാത്രമെ ഉണ്ടാവൂവെന്നും ഡോക്ടർമാർ വിശദീകരിച്ചു. സിലിക്ക് മുന്പ് രണ്ടുതവണ അപസ്മാര രോഗമെന്ന പേരിൽ ചികിത്സ നൽകിയപ്പോഴും വിഷം ഉള്ളിൽചെന്നിരുന്നു.അത് സയനൈഡ് ആവാനുള്ള സാധ്യത കൂടുതലാണെന്നും ചികിത്സാ രേഖകൾ പരിശോധിച്ച മെഡിക്കൽ ബോർഡ് വിലയിരുത്തി. കൂടുതൽ അളവിൽ സയനൈഡ് നൽകിയതുമൂലമാണ് സിലിയും ആൽഫൈനും മിനിട്ടുകൾക്കുള്ളിൽ മരിച്ചതെന്നും കൊല അത്യന്തം പൈശാചികമാണെന്നും ഡോക്ടർമാർ അന്വേഷണസംഘത്തോടു പറഞ്ഞു.
ഷാജുവിന്റെ മൂത്തമകന്റെ ആദ്യകുർബാന ദിവസമാണ് അതിഥിയായെത്തിയ ജോളി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ വായിൽ സയനൈഡ് പുരട്ടിയെന്നാണ് പോലീസ് കണ്ടെത്തൽ . മെഡിക്കൽ ബോർഡ് നിഗമനങ്ങളുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ അടുത്ത അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.