താമരശേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മ(57) കൊലപ്പെടുത്തിയ കേസില്‍ ആറു ദിവസത്തെ കസ്റ്റഡികാലാവധി അവസാനിച്ചതോടെ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളി (47)യെ ഇന്നലെ താമരശേരി മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി.
കോടതി ഇവരെ ഒരു ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് രാവിലെ 11 വരെയാണ് കസ്റ്റഡി കാലാവധി. പേരാമ്പ്ര സിഐ കെ.കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇന്നലെ രാവിലെ 11 ന് കോടതിയില്‍ ഹാജരാക്കിയത്.
കൊലപാതക പരമ്പരയിലെ അവസാന കേസായതിനാലും 17 വര്‍ഷത്തെ പഴക്കമുള്ള കേസായതിനാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണ്ടതുള്ളതിനാലും ജോളിയെ അഞ്ചു ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന് പ്രോസിക്യൂഷന് വേണ്ടി എപിപി സുജയ സുധാകരന് ആവശ്യപ്പെട്ടു.
കട്ടപ്പനയിലുള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുനല്‍കേണ്ടതില്ലെന്നും പ്രതിഭാഗം അഭിഭാഷകന് കെ.ഹൈദരുടെ വാദിച്ചു. ജോളി ചോദ്യം ചെയ്യലിനോട് ശരിയായി സഹകരിക്കാത്തതിനാലും തെളിവെടുപ്പിനിെടെ ക്ഷീണിതയായ പ്രതിക്ക് ആവശ്യമായ വിശ്രമം അനുവദിച്ചതിനാലുമാണ് കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്ന് എപിപി വാദിച്ചു.
ഇരു വാദവും കേട്ടശേഷം കോടതി ഒരു ദിവസം ജോളിയെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഈ കേസില്‍ ഡിസംബര്‍ അഞ്ചുവരെയാണ് ജോളിയുടെ റിമാന്‍ഡ് കാലാവധി.
ടോം തോമസ് കേസില്‍ മാത്യു അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ ടോം തോമസ് വധക്കേസില്‍ രണ്ടാം പ്രതി മഞ്ചാടിയില്‍ എം.എസ്. മാത്യു(44)നെ കുറ്റ്യാടി സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
സയനൈഡ് സംഘടിപ്പിച്ചത് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ അഞ്ചു ദിവസത്തെ കസ്റ്റഡി അത്യാവശ്യമാണെന്നായിരുന്നു എപിപിയുടെ വാദിച്ചത് പ്രതിഭാഗം അഭിഭാഷകന് തടസവാദമൊന്നും ഉന്നയിക്കാതിരുന്നതോടെ പ്രോസിക്യൂഷന്റെ വാദം പൂര്‍ണമായി അംഗീകരിച്ച കോടതി 30-ന് വൈകുന്നേരം നാലു വരെ പോലീസ് കസ്റ്റഡി അനുവദിക്കുകയായിരുന്നു. ഈ കേസില്‍ ഡിസംബര്‍ ഒമ്പതുവരെയാണ് മാത്യുവിന്റെ റിമാന്‍ഡ് കാലാവധി. മാത്യു ഇതോടെ മാത്യു രണ്ടാം പ്രതിയായുള്ള അഞ്ചാമത്തെ കേസിലാണ് മാത്യുവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
മനോജിന്റെയും പ്രജികുമാറിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ ആറ് പേരെ കൊലപ്പെടുത്തിയ ജോളിയ്ക്ക് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കുതിന് വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായിച്ചതിന് അറസ്റ്റിലായ സിപിഎം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി കെ. മനോജിന് വേണ്ടിയും ആല്ഫൈന് വധക്കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് വേണ്ടിയും പ്രതിഭാഗം അഭിഭാഷകര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി തള്ളി. എപിപി സുജയ സുധാകരന് നല്കിയ തടസ ഹര്‍ജി പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
മാത്യുവിനായി നാലു കേസുകളില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ അഞ്ചു കേസുകളില്‍ രണ്ടാം പ്രതിയായ എം.എസ്. മാത്യുവിനായി അഭിഭാഷകന് ഷഹീര്‍ സിഗ് വക്കാലത്ത് ഏറ്റെടുത്തു. കോടഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്ഫൈന് വധക്കേസുകളില്‍ താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലും താമരശേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സിലി വധക്കേസില്‍ താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യിലുമാണ് എം.എസ്. മാത്യുവിനായി ഹഹീര്‍ സിഗിന്റെ ജൂനിയര്‍ അഭിഭാഷകന് എം.അനീഷ് മുഖേന ജാമ്യാപേക്ഷ നല്‍കിയത്. മാത്യുവിന്റെ ജാമ്യാപേക്ഷകള്‍ കോടതി ബുധനാഴ്ച പരിഗണിക്കും.