ബാബു ചെറിയാൻ
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ ആദ്യ ഇര കൂടത്തായ് പൊന്നാമറ്റംവീട്ടിൽ അന്നമ്മ ടീച്ചറെ വകവരുത്താൻ മരുമകൾ ജോളി ‘ഡോഗ് കിൽ’ എന്ന മാരകവിഷം വാങ്ങിയതിന്റെ പ്രിസ്ക്രിപ്ഷൻ പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിലെ പഴയ രജിസ്റ്ററിൽ നിന്നാണ് പ്രിസ്ക്രിപ്ഷന്റെ വിശദാംശം ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്യത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. അന്ന് ഡോക്ടറെ കണ്ട ജോളി അസുഖം ബാധിച്ച പട്ടിയെ കൊല്ലാൻ മരുന്ന് ആവശ്യപ്പെട്ടിരുന്നു.
രജിസ്റ്ററിൽ ജോളി ദേവഗിരി എന്ന പേരാണ് നൽകിയത്. ഈ പേരിൽ ഡോഗ്കിൽ എന്ന വിഷം വാങ്ങാൻ ഡോക്ടർ പ്രിസ്ക്രിപ്ഷൻ നൽകിയതായാണ് രേഖ. പ്രിസ്ക്രിപ്ഷനുമായി ചിന്താവളപ്പിനടുത്ത് വളർത്തുമൃഗങ്ങളുടെ മരുന്നുകൾ വിൽക്കുന്ന കടയിൽ പോയി ഡോഗ് കിൽ വാങ്ങിയതായി ജോളി മൊഴി നൽകി. ജില്ലാ മൃഗാശുപത്രിയിലെ തെളിവെടുപ്പിന് ശേഷം ചിന്താവളപ്പിനടുത്ത മെഡിക്കൽ ഷോപ്പിലും ജോളിയെ എത്തിച്ച് തെളിവെടുത്തു.
2002 കാലഘട്ടത്തിൽ ഡോഗ്കിൽ വിറ്റിരുന്നതായും പിന്നീട് സർക്കാർ ഈ മരുന്ന് നിരോധിച്ചതായും കടയുടമ മൊഴിനൽകി. കാഞ്ഞിരമരത്തിന്റെ വേരിൽനിന്ന് ഉത്പാദിപ്പിക്കുന്ന ഡോഗ് കിൽ മാരക വിഷമാണ്. ഇത് തലേന്ന് ഒഴിവ് രാത്രിആട്ടിൻ സൂപ്പിൽ ഒഴിച്ച് നന്നായി ഇളക്കി വച്ചതായും പിറ്റേന്ന് രാവിലെ സൂപ്പ് കഴിച്ച അന്നമ്മ കുഴഞ്ഞു വീണതായും ജോളി പോലീസിനോടു പറഞ്ഞു.
വായിൽനിന്നും മൂക്കിൽ നിന്നും നുരയും പതയും വന്ന് ഞരമ്പുകൾ വരിഞ്ഞുമുറുകി മരിയ്ക്കുന്നതാണ് ഡോഗ്കിൽ മരുന്നിന്റെ ലക്ഷണം. അന്നമ്മ മരിച്ചതും ഈ ലക്ഷണങ്ങളോടെയാണ്. അന്നമ്മയെ ഡോഗ്കിൽ പ്രയോഗിച്ചും മറ്റുള്ള അഞ്ച് പേരെയും സയനൈഡ് ഉപയോഗിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് ജോളി നേരത്തെ മൊഴി നൽകിയിരുന്നു.