കോഴിക്കോട്: പിഞ്ചുകുഞ്ഞിനെയടക്കം ആറു നിഷ്ഠൂര കൊലപാതകങ്ങൾ നടത്തിയ കൂടത്തായി കൊലപാതകപരന്പര കേസിലെ മുഖ്യപ്രതി ജോളിക്ക് സാത്താൻ പൂജയുമായി ബന്ധമുണ്ടെന്ന് സൂചന. കൂടത്തായി-പുലിക്കയം മേഖലയിൽനിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ഇതേക്കുറിച്ച് ഊർജിത അന്വേഷണം ആരംഭിച്ചു. കോഴിക്കോട് നഗരത്തിൽ സാത്താൻപൂജ (ബ്ളാക്ക് മാസ്) ടീം കാലങ്ങളായി പ്രവർത്തിക്കുന്നുണ്ട്.
ചില ഡോക്ടർമാരും വൻ ബിസിനസുകാരുമടങ്ങുന്ന സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് സൂചന. ജോളിയുടെ നാടായ ഇടുക്കിയിലും സാത്താൻപൂജക്കാർക്ക് വേരുകളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ദേവാലയങ്ങളിലും, മക്കൾ പഠിച്ചിരുന്ന സ്കൂളിലുമടക്കം ജോളി സജീവമായിരുന്നത് സാത്താൻപൂജ മറയ്ക്കാനുള്ള മൂടുപടമാണെന്ന് സംശയിക്കുന്നു.
എൻഐടി പ്രഫസറെന്ന വ്യാജേന എന്നും വീട്ടിൽനിന്ന് പുറത്തുപോയിരുന്നത് സാത്താൻപൂജയുമായി ബന്ധപ്പെട്ടാണെന്നാണ് പോലീസിന്റെ നിഗമനം. സാത്താൻപൂജ ഗ്രൂപ്പിലുള്ള ചിലരുമായി ജോളി ഇടപഴകിയതിന്റെ വിശദാശംങ്ങൾ പോലീസിന് ലഭിച്ചതായി അറിയുന്നു.
സാത്താനെ പ്രസാദിപ്പിച്ചാൽ സന്പത്ത് വർധിക്കുമെന്നാണ് സാത്താൻപൂജക്കാരുടെ വിശ്വാസം. സാത്താനെ പ്രസാദിപ്പിക്കാൻ ക്രിസ്തീയവിശ്വാസത്തിന്റെ കാതലായ വിശുദ്ധകുർബാനയെന്ന ഓസ്തിയെ അവഹേളിക്കുന്നതടക്കം നിരവധി ആഭിചാരകർമങ്ങൾ ഇവർ നടത്തുന്നതായി നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. കുരുതി അഥവാ അറുംകൊല അവരുടെ ആഭിചാരകർമ്മങ്ങളുടെ ഭാഗമാണ്.
കൂടുതലായും പെൺകുട്ടികളെ കുരുതികൊടുക്കാറുണ്ടെന്ന് സാത്താൻപൂജ സംബന്ധിച്ച വെബ്സൈറ്റുകളിലുണ്ട്. ജോളി രണ്ടാം ഭർത്താവിന്റെ കുഞ്ഞ് ആൽഫൈനെ കൊലപ്പെടുത്തിയതും ഏതാനും പെൺകുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ചതും ഇതിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നു.
കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഗവ. ഗസ്റ്റ് ഹൗസിനു സമീപം പ്രവർത്തിക്കുന്ന ഒരു ക്ളബാണ് സാത്താൻ പൂജക്കാരുടെ കോഴിക്കോട്ടെ സങ്കേതം. മിക്ക ജില്ലകളിലും ഇതിന്റെ ശാഖകളുണ്ട്. അംഗങ്ങൾക്കുമാത്രമെ ക്ലബിൽ പ്രവേശനം നൽകു. പുറമെനിന്നുള്ള ആരേയും ആ ഭാഗത്തേക്ക് അടുപ്പിക്കാറില്ല. വെള്ളിയാഴ്ച ദിവസങ്ങളിലാണ് സാധാരണ സാത്താൻപൂജ നടക്കുക.
മുൻപ് ഇതേക്കുറിച്ച് സംസ്ഥാന-ജില്ലാ രഹസ്യാന്വേക്ഷണ വിഭാഗം അന്വേഷണം നടത്തി ചില വസ്തുതകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഗ്രൂപ്പിലെ അംഗങ്ങൾ ഡോക്ടർമാരും, ഉന്നത ബിസിനസുകാരും, പ്ലാന്റർമാരുമായതിനാൽ തുടരന്വേഷണം ഉണ്ടായില്ല. കോഴിക്കോട്ടെ ഒരു ഡോക്ടറാണ് മലബാർ മേഖലയുടെ കമാൻഡർ. ഇദ്ദേഹം പ്രത്യേക യൂനിഫോം അണിഞ്ഞുനിൽക്കുന്ന ചിത്രം നേരത്തെ പോലീസ് ശേഖരിച്ചിരുന്നു.
സ്വന്തക്കാരെന്ന വ്യാജേന ദേവാലയങ്ങളിൽ കയറിക്കൂടി ഓസ്തി തട്ടിയെടുക്കാറുണ്ടെന്നും ഇന്റലിജൻസ് നേരത്തെ കണ്ടെത്തിയിരുന്നു.എൻഐടി ഭാഗം കേന്ദ്രീകരിച്ച് സാത്താൻപൂജ സംഘം പ്രവർത്തിക്കുന്നതായി പോലീസിന് ചില സൂചനകളുണ്ട്. ജോളി എൻഐടി കേന്ദ്രീകരിച്ചത് ഇതിനാണോ എന്ന് അന്വേഷിച്ചുവരികയാണെന്ന് അന്വേഷണസംഘത്തിലെ ഉന്നത് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.