കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഉറ്റബന്ധുവിനെതിരേ കുറുക്ക് മുറുകുന്നു. കൊലപാതകങ്ങളെല്ലാം ജോളി നടത്തിയത് ഈ ഉറ്റബന്ധു അറിഞ്ഞുകൊണ്ടാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതേസമയം ഇതുവരേയും ഇ യാളെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടില്ല.
പരമാവധി കൃത്യമായ തെളിവുകൾകൂടി ശേഖരിച്ചശേഷം ഇയാളിലേക്ക് നീങ്ങാനാണ് തീരുമാനം. ജോളിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയും മുൻപും ഉറ്റബന്ധു നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വഴി ചില നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണറിയുന്നത്.
ജോളിയെ ഇന്ന് കോടതി കസ്റ്റഡിയില്‍ വിട്ട് നല്കിയാല് കൊലപാതകങ്ങള്‍ക്ക പിന്നിലെ അദൃശ്യനായ ഉറ്റബന്ധുവിനെതിരേയുള്ള കൂടുതല്‍ തെളിവുകള്‍ ലഭിക്കും. ഇതിന് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ. അതേസമയം അറസ്റ്റുണ്ടാകുമെന്ന മുന്‍വിധിയെ തുടര്‍ന്ന് അതിനുള്ള നീക്കങ്ങളും ഉറ്റബന്ധു നടത്തുന്നുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
ജോളിയെ മോശമാക്കികൊണ്ടുള്ള പ്രതികരണങ്ങളാണ് ഇപ്പോള്‍ ഇയാളില്‍ നിന്നുവരുന്നത്. അന്വേഷണത്തെ വഴിതിരിച്ചു വിടാനും സംശയമുന തന്നിലേക്ക് നീളാതിരിക്കാനും വേണ്ടിയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പറയുന്നത്. രണ്ട് ബന്ധുക്കളുടെ മരണത്തില്‍ കൂടി സംശയം പ്രകടിപ്പിച്ചതോടെ ഇവരിലേക്ക് അന്വേഷണം എത്തുമെന്നുറപ്പായി. കുടുംബാംങ്ങള്‍ക്കിടയില്‍ ചിലര്‍ക്കും ഇദ്ദേഹത്തെ സംശയമുണ്ട്.
ഇതുവരെ അറസ്റ്റിലാകാത്ത ഒരു ഉറ്റ ബന്ധുകൂടി ചിത്രത്തിലുണ്ടെന്ന് മരിച്ച ടോം തോമസിന്റെ മകൾ മൊഴിനൽകിയിരുന്നു. ജോളി മരുമകളായി എത്തിയശേഷം ഇയാൾ വീട്ടിൽ വരുന്നതിനെ ടോം തോമസ് ശക്തമായി എതിർത്തിരുന്നു. ഷാജുവും ജോളിയുമായുള്ള വിവാഹം പോലും ഈ ബന്ധുവിന്റെ ഗൂഡാലോചനയാണെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു.